ഐപിഎൽ പോരാട്ടം അത്യുഗ്രൻ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. ഗ്രൂപ്പ് തല മത്സരങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്ലേ ഓഫ് പ്രതീക്ഷയ്ക്കായി മറ്റ് ടീമുകളുടെ വിജയവും തോൽവിയുമൊക്കെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ചെന്നൈ ഉൾപ്പെടെയുളള ടീമുകൾ. കൊൽക്കത്ത നൈറ്റ് റേഡേഴ്സ്, രാജസ്ഥാൻ റോയൽസ്, സൺ റൈസേഴ്സ് ഹൈദരാബാദ്, ഇവർക്ക് പുറമെ പ്ലേ ഓഫിലെത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമാണ് ചെന്നൈ സൂപ്പർ കിംഗ്സ്. എന്നാൽ, ഗുജറാത്തിനോട് തോൽവി വഴങ്ങിയതോടെ പ്ലേ ഓഫ് സാധ്യതക്കും മങ്ങലേറ്റു. ടീമിന്റെ പ്ലേ ഓഫ് സാധ്യതകൾ എങ്ങനെയെന്ന് പരിശോധിക്കാം..
12 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് ചെന്നൈ. മുന്നിലുള്ള ഹൈദരാബാദിനെക്കാളും പിന്നിലുള്ള ഡൽഹി, ലഖ്നൗ ടീമുകളെക്കാളും മികച്ച നെറ്റ് റൺറേറ്റുണ്ടെന്നത് ചെന്നൈക്ക് അനുകൂല ഘടകമാണ്. പ്ലേ ഓഫിലെത്താൻ ജീവൻമരണ പോരാട്ടം നടത്തുന്ന ആർസിബിയും രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസുമാണ് ചെന്നൈയുടെ ഇനിയുള്ള എതിരാളികൾ. രണ്ട് കളികളും ജയിച്ചാൽ 16 പോയിന്റുമായി ടീമിന് പ്ലേ ഓഫിലേക്ക് യോഗ്യത നേടാം. ഇതിൽ ഏതെങ്കിലും ടീമിനോട് പരാജയപ്പെട്ടാൽ ഡൽഹിയുടെയും ലക്നൗവിന്റെയും റൺറേറ്റ് അടിസ്ഥാനമാക്കിയാകും വിധി. രണ്ടും പരാജയപ്പെടുകയാണെങ്കിൽ തീർച്ചയായും പുറത്തേക്ക്.
ശേഷിക്കുന്ന മത്സരങ്ങളിൽ ഒന്നിൽ ഹൈദരാബാദ് വലിയ മാർജിനിൽ തോൽക്കുകയും, ഡൽഹി – ലക്നൗ മത്സരത്തിലെ വിജയി വരാനിരിക്കുന്ന മറ്റൊരു മത്സരത്തിൽ വലിയ മാർജിനിൽ തോൽക്കുകയും ചെയ്താൽ പ്രതീക്ഷയ്ക്ക് വകയുണ്ട്. തങ്ങളുടെ പ്ലേ ഓഫ് സാധ്യതകൾക്ക് പ്രഹരമേൽപ്പിച്ച ഗുജറാത്തിനെ കൊൽക്കത്ത പരാജയപ്പെടുത്തിയാലും ചെന്നൈക്ക് പ്ലേ ഓഫിലേക്ക് കടക്കാം.