ലക്നൗ: രാഹുലിനെ പരിഹസിച്ച് മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. കോൺഗ്രസിന് അന്ത്യം കുറിക്കുകയെന്നത് രാഹുലിന്റെ ഉത്തരവാദിത്തമാണെന്നും ആ ‘മഹാപുരുഷൻ’ അത് ഭംഗിയായി നിറവേറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഏറ്റവും കുറഞ്ഞ സീറ്റുകൾ നേടുമെന്നും ആചാര്യ പ്രമോദ് കൃഷ്ണം കൂട്ടിച്ചേർത്തു.
രാഹുൽ ഒരു ‘മഹാപുരുഷൻ’ ആണെന്നതിൽ സംശയമില്ല. കോൺഗ്രസിന്റെ അന്ത്യം മഹാത്മാഗാന്ധിയുടെ സ്വപ്നമായിരുന്നു. പക്ഷെ ബിജെപിക്ക് പോലും ആ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇന്ന് രാഹുൽ എത്ര ഭംഗിയായി അത് നിറവേറ്റുന്നു. രാഹുൽ തന്റെ ജന്മദൗത്യമാണ് നിർവഹിക്കുന്നത്. രാജ്യത്തെ മുഴുവൻ പാർട്ടി പ്രവർത്തകർക്കും ഇതിനെ കുറിച്ച് ബോദ്ധ്യമുണ്ട്. ജൂൺ 4 ന് എല്ലാവർക്കും ഇത് വ്യക്തമാകും, അദ്ദേഹം ചൂണ്ടിക്കാട്ടി
വയനാട് എംപിയായ രാഹുൽ ഇത്തവണ വയനാടിന് പുറമേ യുപിയിലെ റായ്ബറേലിയിലും ജനവിധി തേടുന്നുണ്ട്. നെഹ്റു കുടുംബത്തിന്റെ പാരമ്പര്യ സീറ്റായിരുന്ന റായ്ബറേലിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ സോണിയയിരുന്നു മത്സരിച്ചത്. കഴിഞ്ഞ തവണ രാഹുൽ അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഇതോടെയാണ് റായ് ബറേലിയിലേക്ക് രാഹുൽ ചുവട് മാറ്റിയത്. രണ്ട് സീറ്റുകളിലേയും വോട്ടെടുപ്പ് പൂർത്തിയായി. ജൂൺ നാലിനാണ് വോട്ടെണ്ണൽ