പ്രേക്ഷകരുടെ പ്രിയതാരങ്ങളെ അണിനിരത്തി വിപിൻ ദാസ് സംവിധാനം ചെയ്ത് ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ചെറിയൊരു പ്രമേയത്തെ പ്രേക്ഷകരുടെ മുന്നിലെത്തിച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 54 കോടിയും സ്വന്തമാക്കി ബോക്സോഫീസിൽ കുതിക്കുകയാണ് ചിത്രം. ചിത്രത്തിൽ പ്രധാന കഥാപാത്രമായ ഗുരുവായൂർ ക്ഷേത്രത്തിന്റെ പുനഃസൃഷ്ടിയാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്.
സെറ്റ് നിർമിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. പൃഥ്വിരാജാണ് വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. കണ്ടാൽ തൊഴുതു പോകുന്ന സെറ്റിന് പിന്നിലെ സെറ്റപ്പ് ഇതാണെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നാല് കോടിയാേളം ചെലവഴിച്ചാണ് അണിയറപ്രവർത്തകർ സെറ്റ് ഒരുക്കിയത്. സുനിൽ കുമാറായിരുന്നു ആർട് ഡയറക്ടർ. കളമശേരിയിലായിരുന്നു സെറ്റിന്റെ നിർമാണം. ക്ഷേത്രമാണെന്ന് കരുതി പലരും സെറ്റിന് മുന്നിൽ തൊഴുന്ന ചിത്രങ്ങൾ വിപിൻ ദാസ് തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ 4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമാണം.