പഴക്കം ചെന്ന വസ്തുക്കളും സംസ്കാര പ്രാധാന്യമുള്ള ഇടങ്ങളുമൊക്കെ കണ്ടെത്തുന്ന നിരവധി വിദഗ്ധ പഠനങ്ങൾ നാം കേട്ടിട്ടുണ്ട്. യുദ്ധഭൂമികളും പുരാതന വസ്തുക്കളും തേടി യാത്ര തിരിക്കുന്ന പഠന ഗവേഷകരും നമുക്ക് ചുറ്റുമുണ്ട്. സവിശേഷതയാർന്നതും സങ്കീർണമായതുമായ ധാരാളം കണ്ടെത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്. അത്തരത്തിലൊരു കണ്ടെത്തലാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
അൽബേനിയൻ തുറമുഖ നഗരമായ ഡ്യൂറസിലാണ് പുതിയ കണ്ടെത്തൽ. 1,600 വർഷം പഴക്കമുള്ള റോമൻ ഇൻഡോർ നീന്തൽ കുളമാണ് കണ്ടെത്തിയിരിക്കുന്നത്. പുരാവ്സതു ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. നീന്തൽ കുളം കൂടാതെ പുരാതന വില്ലുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. റോമൻ മൊസൈക്കുകളാൽ അലങ്കരിച്ചിരിക്കുന്നതാണ് കണ്ടെത്തിയ ഈ നീന്തൽക്കുളം. അത്യാഡംബര സൗകര്യങ്ങളോടുകൂടി നിർമിച്ച നീന്തൽക്കുളമാണിതെന്ന് പുരാവസ്തു ഗവേഷകർ പറഞ്ഞു.
നീന്തൽക്കുളവും വില്ലിന്റെ അവശിഷ്ഠങ്ങളും കണ്ടെത്തിയത് വളരെയധികം അത്ഭുതകരമാണെന്നാണ് സംഭവത്തിൽ ചരിത്രകാരന്മാർ പ്രതികരിച്ചത്. എഡി 1-നും 400-നും ഇടയിൽ പഴക്കമുള്ളതാണ് കണ്ടെടുത്ത വസ്തുക്കൾ.
ഏറ്റവും പഴക്കമുള്ളതും ചരിത്രപരമായി ഏറെ സവിശേഷതകളുമുള്ള ഇടമാണ് അൽബേനിയയിലെ ഡ്യൂറസ്. ബിസി ഏഴാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിലും എപ്പിഡംനസ് എന്നാണ് ഈ നഗരം അറിയപ്പെട്ടിരുന്നത്. ഇതിന് ശേഷം ഡൈറാച്ചിയം എന്ന് പുനർനാമകരണം ചെയ്തു.