തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തിരുവനന്തപുരം ജില്ലയിൽ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചുകൊണ്ടാണ് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയത്. തിരുവനന്തപുരം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി,കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലെർട്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് തലസ്ഥാന ജില്ലക്കും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ആറ് ജില്ലകൾക്കാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം,തൃശൂർ,പാലക്കാട്,മലപ്പുറം,വയനാട്,കാസർകോട് എന്നീ ജില്ലകൾക്കാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരും മണിക്കൂറിൽ തലസ്ഥാനത്ത് മഴ ശക്തമാകാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.
ശനിയാഴ്ച ഏഴ് ജില്ലകൾക്കാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം, കോഴിക്കോട്,കണ്ണൂർ,കാസർകോട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.