ബെംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ പുത്തൻ ചുവടുമായി ഇസ്രോ. ഐഎസ്ആർഒയുടെ കരുത്തേറിയ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിൾ മാർക്ക് 3( എൽവിഎം 3) റോക്കറ്റ് വാണിജ്യ ഉപയോഗത്തിന് ലഭ്യമാക്കാനൊരുങ്ങുകയാണ്. അന്താരാഷ്ട്ര ഉപഭോക്താക്കൾക്കായി ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് എൽവിഎം 3 റോക്കറ്റ് ലഭ്യമാക്കും.
സ്വകാര്യ കമ്പനിയുമായി 14 വർഷത്തെ സഹകരണത്തിനാണ് ഇസ്രോ പദ്ധതിയിടുന്നത്. ആദ്യത്തെ രണ്ട് വർഷം നിർമ്മാണ പരിശീലനം, തുടർന്നുള്ള 12 വർഷം കമ്പനികൾക്ക് റോക്കറ്റ് നിർമ്മിക്കാം. പ്രതിവർഷം നാല് മുതൽ ആറ് വരെ റോക്കറ്റുകൾ നിർമ്മിക്കാവുന്നതാണ്. ഭ്രമണപഥത്തിലേക്ക് 4,000 കിലോഗ്രാം ഭാരമുള്ള പേലോഡ് ശേഷിയും ലോ എർത്ത് ഓർബിറ്റിലേക്ക് 8,000 കിലോഗ്രാം വരെ സഭാരനും വഹിക്കാൻ ശേഷിയുള്ളതാണ് എൽവിഎം മാർക്ക് 3.
നേരത്തെ ഇസ്രോയുടെ എസ്എസ്എൽവി റോക്കറ്റുകളും പിഎസ്എൽവി റോക്കറ്റും നിർമ്മിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകിയിരുന്നു. ഇത്തരത്തിൽ നിർമ്മിച്ച ആദ്യത്തെ പിഎസ്എൽവി റോക്കറ്റ് ഓഗസ്റ്റിൽ വിക്ഷേപിക്കുമെന്നാണ് വിവരം.