ചിലരുണ്ട്.. എന്തെങ്കിലും തമാശ കേട്ടാൽ നിർത്താതെ ചിരിക്കുന്നവർ, എല്ലാവരും ചിരിച്ച് കഴിഞ്ഞാലും അവർ നിർത്തില്ല. തുടർച്ചയായി മിനിറ്റുകളോളം ചിരിക്കുന്നതാണ് ഇവരുടെ പ്രത്യേകത. ചിരി ആരോഗ്യത്തിന് നല്ലതാണെന്നും ഡോക്ടർമാർ പറയാറുണ്ട്. എന്നാൽ ചിരി അൽപം അമിതമായതോടെ ആശുപത്രിയിലായ വ്യക്തിയെക്കുറിച്ചാണ് ആരോഗ്യവിദഗ്ധർ പങ്കുവയ്‌ക്കുന്നത്.
ഹൈദരാബാദ് സ്വദേശിയായ 53-കാരൻ ശ്യാം, കോമഡി ഷോ കണ്ട് നിർത്താതെ ചിരിച്ചതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. കുടുംബത്തോടൊപ്പം പരിപാടി കണ്ടിരിക്കുകയായിരുന്നു ഗൃഹനാഥൻ. ഇടയ്‌ക്ക് ചായ കുടിക്കുന്നുമുണ്ടായിരുന്നു. തമാശ രംഗം വന്നതോടെ അതുകണ്ട് ഇയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഏതാനും മിനിറ്റുകൾ അയാൾ നിർത്താതെ ചിരിച്ചു. പെട്ടെന്നാണ് ശ്യാമിന്റെ കയ്യിലിരുന്ന ചായകപ്പ് നിലത്തുവീണത്. അദ്ദേഹത്തിന്റെ കൈകൾ കുഴഞ്ഞുതുടങ്ങി. കസേരയിൽ ഇരിക്കുകയായിരുന്ന ശ്യാം നിലത്തേക്ക് ചാഞ്ഞു. ബോധരഹിതനായ ശ്യാമിനെ ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു.
ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ശ്യാമിനെ പ്രവേശിപ്പിച്ചത്. ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ 53-കാരൻ കണ്ണുതുറന്നു. കൈകൾ ചലിപ്പിച്ചു, എഴുന്നേറ്റ് നടക്കാനും തുടങ്ങി. പ്രാഥമിക പരിശോധനയിൽ യാതൊരു കുഴപ്പവും ശ്യാമിനില്ലായിരുന്നു. അതിനാൽ ന്യൂറോളജിസ്റ്റിനെ കാണാൻ ഡോക്ടർമാർ നിർദേശിച്ചു.
Laughter-induced syncope എന്ന അവസ്ഥയാണ് ശ്യാമിന് സംഭവിച്ചതെന്ന് അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് സുധീർ കുമാർ കണ്ടെത്തി. നിർത്താതെ ചിരിക്കുമ്പോൾ ബോധം പോകുന്ന അവസ്ഥയാണിത്. മിനിറ്റുകളോളം പൊട്ടിച്ചിരിക്കുമ്പോൾ ഒരാളുടെ രക്തസമ്മർദം പെട്ടെന്ന് കുറയുകയും ബോധം നഷ്ടപ്പെടുകയും ചെയ്യുന്നു.
ശ്യാമിന് പ്രത്യേകിച്ച് മരുന്നൊന്നും നൽകാതിരുന്ന ഡോക്ടർ, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മധ്യവയസ്കനോട് ആവശ്യപ്പെട്ടു. നിർത്താതെ ചിരിക്കുന്ന അവസ്ഥയുണ്ടാകുമ്പോൾ ജാഗ്രത സ്വീകരിക്കണം, അധികനേരം നിൽക്കരുത്, എന്നീ നിർദേശങ്ങളും ശ്യാമിന് നൽകി.















