ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഡിയിൽ ആദ്യ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. മുൻ ചാമ്പ്യന്മാരായ ശ്രീലങ്ക ഉയർത്തിയ 78 റൺസിന്റെ വിജയലക്ഷ്യം മറികടക്കാൻ ദക്ഷിണാഫ്രിക്കയ്‌ക്ക് അല്പം വിയർപ്പാെഴുക്കേണ്ടിവന്നു. ആശിച്ച തുടക്കമായിരുന്നില്ല കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ പ്രോട്ടീസിന്. 16.2-ാം ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്.
രണ്ടാം ഓവറിൽ റീസാ ഹെൻഡ്രിക്സിന്റെ(4) വിക്കറ്റ് വീണതോടെ അവർ സമ്മർദ്ദത്തിലായി. നുവൺ തുഷാരയ്‌ക്കായിരുന്നു വിക്കറ്റ്. താെട്ടുപിന്നാലെ ക്യാപ്റ്റൻ മാർക്രവും മടങ്ങി. 12 റൺസെടുത്ത താരത്തെ ദാസുൻ ഷനക വീഴ്‌ത്തുകയായിരുന്നു. 20 റൺസെടുത്ത ഓപ്പണർ ക്വിൻഡൺ ഡി കോക്കാണ് ടോപ് സ്കോറർ. ഡിക്കോക്കിനെയും 13 റൺസെടുത്ത ട്രിസ്റ്റൺ സ്റ്റബ്സിനെയും മടക്കി ഹസരംഗ വീണ്ടും ഭീഷണി ഉയർത്തി.
ഇതോടെ പതറിയ ദക്ഷിണാഫ്രിക്കയെ ഹെന്റിച്ച് ക്ലാസനും (19) ആറു റൺസെടുത്ത ഡേവിഡ് മില്ലറും ചേർന്നാണ് അധികം പരിക്കുകളില്ലാതെ വിജയ തീരത്ത് അടുപ്പിച്ചത്. ലങ്കൻ നായകൻ വാനിന്ദു ഹസരംഗയ്ക്ക് രണ്ടു വിക്കറ്റ് ലഭിച്ചപ്പോൾ നുവൺ തുഷാരയും ഷനകയും ഓരോ വിക്കറ്റ് വീതം വീഴത്തി.