മഴക്കാലമായാൽ കൃഷി ചെയ്യുക വളരെ ശ്രമകരമായ ഒന്നാണ് എന്നാണ് പലരും കരുതുന്നത്. വെള്ളം കെട്ടി നിൽക്കാതെ, സൂര്യ പ്രകാശം ലഭിക്കും വിധത്തിൽ കൃഷി ചെയ്താൽ മാത്രം മതി. അത്തരത്തിൽ മഴക്കാലത്തും സുലഭമായി വിളവെടുക്കാവുന്ന ഒന്നാണ് വെണ്ട.
വിത്തുകൾ പാകിയാണ് വെണ്ട തൈകൾ മുളപ്പിക്കുന്നത്. മുളപ്പിച്ചും നടാവുന്നതാണ്. വാരങ്ങളിലും തടങ്ങളിലും ഗ്രോ ബാഗുകളിലും കൃഷി ചെയ്യാവുന്നതാണ്. വെള്ളം കെട്ടി നിൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ചെടികൾ തമ്മിൽ 45 സെന്റിമീറ്ററും വരികൾ തമ്മിൽ 60 സെന്റീമീറ്ററും അകലം വേണം.
പച്ചക്കറിയെ ഏറ്റവുമധികം ബാധിക്കുന്ന ഒന്നാണ് നിമാവിരകളുടെ ശല്യം. ചെടികളുടെ വളർച്ച് മുരടിപ്പിക്കുന്ന വിരയാണിത്. വിളകളുടെ വേരുപടലങ്ങളെ പലവിധത്തിലാണ് നിമാവിര ഉപദ്രവിക്കുന്നത്. ചെടി വാടുക, മഞ്ഞപ്പ്, വേരിളകി നിലം പൊത്തുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
വെണ്ടയ്ക്ക് പുറമേ തക്കാളി, പയർ, പാവൽ, വഴുതന, കാരറ്റ് എന്നിങ്ങനെയുള്ള പച്ചക്കറികളെയും ഇത് ബാധിക്കുന്നു. പച്ചക്കറി കൃഷി ചെയ്യുമ്പോൾ അടിവളമായി ചാണകപ്പൊടി ,എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, കരിയില ഇവ ഇടുന്നതിനൊപ്പം കമ്യൂണിസ്റ്റ് പച്ചയുടെ ഇലകൾ ഇടുന്നതും നിമാവിരയെ അകറ്റും. തൈകൾ പറിച്ചു നടുന്നതിന് മൂന്നാഴ്ചക്ക് മുന്നോടിയായി കൃഷിയിടത്തിൽ വേപ്പില അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല ഹെക്ടർ ഒന്നിന് 15 ടൺ എന്ന തോതിൽ ചേർത്തിളക്കി കൊടുക്കുക.
കൃഷിയിടം തയ്യാറാക്കുമ്പോൾ നിലം നന്നായി ഉഴുത് മറിച്ചതിന് ശേഷം വെയിൽ കൊള്ളിക്കുന്നത് ഇതിനെ നിയന്ത്രിക്കുന്നതിന് സഹായിക്കും. വേപ്പിൻ പിണ്ണാക്ക് ഉപയോഗിക്കാം, അല്ലെങ്കിൽ ട്രൈക്കോഡർമ, സുഡോമോണാസ് ഫ്ളൂറസൻസ്, പർപ്പറിയോസില്ലിയം ലിലാസിയം എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ്. തൈകൾ പറിച്ച് നടുന്നതിന് രണ്ടാഴ്ചക്ക് മുൻപ് വേപ്പിൻപിണ്ണാക്ക് മണ്ണിൽ യോജിപ്പിക്കുന്നതും നിമാവിരകളെ നിയന്ത്രിക്കാൻ സഹായിക്കും.















