റാങ്കിംഗിലെ വീമ്പുമായി മത്സരിക്കാനെത്തിയ പാകിസ്താന് ദയനീയ തോൽവി സമ്മാനിച്ച് അമേരിക്ക. ടീമിന്റെ മോശം പ്രകടനത്തിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകരും മുൻ താരങ്ങളും. ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്താൻ ജയം അർഹിക്കുന്നുണ്ടായിരുന്നില്ലെന്നാണ് ഷൊയ്ബ് അക്തർ എക്‌സിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞത്.
നിരാശാജനകനമായ തോൽവിയാണിതെന്നും മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നതെന്നും ഷൊയ്ബ് പറഞ്ഞു. 1999-ലെ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ തോൽവിക്ക് സമാനമായ തോൽവിയാണിത്. ഒരിക്കൽ കൂടി പാകിസ്താൻ ക്രിക്കറ്റ് ചരിത്രം ആവർത്തിച്ചു. അമേരിക്ക മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നും ഷൊയ്ബ് കൂട്ടിച്ചേർത്തു. മത്സരത്തിൽ പാക് താരങ്ങൾ ക്ഷീണിതരും നിസ്സഹായരും ആയിരുന്നെന്ന് മുൻ നായകൻ വഖാർ യൂനിസ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. സൂപ്പർ ഓവറിൽ സൗരഭ് നേത്രവൽക്കറിന്റെ ഓവറിൽ ഫഖർ സമന് അവസരം നൽകാതെ ഇഫ്തിഖർ അഹമ്മദിനെ ബാറ്റിംഗിനയച്ചതിനെ പിസിബി മുൻ ചെയർമാൻ റമീസ് രാജയും ചോദ്യം ചെയ്തു.
യുഎസ്- പാക് മത്സരത്തിന്റെ നിശ്ചിതസമയത്ത് ഇരുടീമുകളും നേടിയത് 159 റൺസായിരുന്നു. പിന്നാലെ സൂപ്പർ ഓവറിലേക്ക് മത്സരം നീണ്ടത്. പാക് പേസർ മുഹമ്മദ് ആമിറിന്റെ ഓവറിൽ 18 റൺസാണ് യുഎസ് സ്വന്തമാക്കിയത്. യുഎസിന് വേണ്ടി പന്തെറിഞ്ഞത് സൗരഭ് നേത്രവൽക്കർ പാകിസ്താനെ 13 റൺസിൽ പുറത്താക്കി.
ഞായറാഴ്ച ഇന്ത്യയോടാണ് പാകിസ്താന്റെ അടുത്ത മത്സരം. സൂപ്പർ 8 ലേക്ക് യോഗ്യത നേടണമെങ്കിൽ അടുത്ത മത്സരത്തിൽ ജയം അനിവാര്യമാണ്. സ്വിംഗും ബൗൺസും നൽകുന്ന പിച്ചിലാണ് പാക് ടീമിന്റെ പ്രതീക്ഷ. ഏകദിന ലോകകപ്പിലും ഏഷ്യകപ്പിലുമെല്ലാം പാകിസ്താൻ ഇന്ത്യയോട് തോറ്റിരുന്നു.