ന്യൂഡൽഹി: എംപിമാരുടെ പിന്തുണക്കത്ത് കൈമാറാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഷ്‌ട്രപതി ദ്രൗപതി മുർമു സ്വീകരിച്ചത് വിശേഷ മധുരം നൽകി. വൈകിട്ട് രാഷ്‌ട്രപതി ഭവനിലെത്തിയപ്പോഴായിരുന്നു മധുരം നൽകി രാഷ്‌ട്രപതി നരേന്ദ്രമോദിയെ സ്വീകരിച്ചത്. ജൂൺ 9-ാം തീയതിയാണ് മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ. . ഇതിന് മുന്നോടിയായി രാഷ്‌ട്രപതിയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി രാഷ്‌ട്രപതി ഭവനിലെത്തിയത്.
പ്രധാനമന്ത്രിക്ക് മധുരം നൽകുന്ന രാഷ്‌ട്രപതിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും വൈറലായി. പ്രധാനമന്ത്രിക്ക് ദാഹി- ചീനി എന്ന മധുര വിഭവമാണ് രാഷ്‌ട്രപതി നൽകിയത്. സ്വന്തം കൈകൾ കൊണ്ട് പ്രധാനമന്ത്രിക്ക് രാഷ്‌ട്രപതി ഇത് പകർന്ന് നൽകുകയും ചെയ്തു. സ്പൂണിൽ കോരി പ്രധാനമന്ത്രിക്ക് മധുരം നൽകുന്ന ചിത്രങ്ങൾ രാഷ്‌ട്രപതി ഭവനാണ് പങ്കുവെച്ചത്.
ഇന്ന് വൈകിട്ടാണ് രാഷ്‌ട്രപതി ഭവനിലെത്തിയ പ്രധാനമന്ത്രി രാഷ്‌ട്രപതിക്ക് പിന്തുണക്കത്ത് കൈമാറിയത്. എൻഡിഎ പാർലമെന്ററി പാർട്ടിയുടെ നേതാവായും ലോക്‌സഭാ കക്ഷി നേതാവായും മോദിയെ തെരഞ്ഞെടുത്തതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാഷ്‌ട്രപതി ഭവനിലെത്തിയത്. ദ്രൗപദി മുർമുവുമായി മൂന്നാം എൻഡിഎ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും അദ്ദേഹം ചർച്ച ചെയ്തിരുന്നു.















