തിരുവനന്തപുരം: സേവാഭാരതിയുടെ കാരുണ്യ സ്പർശത്തിൽ വനവാസി പെൺകുട്ടിക്ക് മാംഗല്യം. വിതുര മരുത്വാമല കിഴക്കുംകര പുത്തൻവീട്ടിൽ അനിരുദ്ധൻ- ബീന ദമ്പതികളുടെ മകൾ വി സുമിക്കാണ് സേവാഭാരതി തിരുവനന്തപുരം ജില്ലാ സമിതി തുണയായത്.
കോട്ടൂർ വനമേഖലയിൽ സേവാഭാരതി മുൻകൈ എടുത്ത് നടത്തുന്ന പന്ത്രണ്ടാമത്തെ വിവാഹമാണിത്. വിതുര തള്ളച്ചിറ മേക്കര വീട്ടിൽ വിജയൻ- രമണി ദമ്പതികളുടെ മകൻ വിഷ്ണുവാണ് സുമിക്ക് താലി ചാർത്തിയത്.
ഈട്ടിമൂട് മാതൃസമിതിഅംഗമാണ് സുമിയുടെ അമ്മ ബീന. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ വിവാഹത്തിന് തടസ്സമാകുന്നുവെന്ന കാര്യം മാതൃസമിതി പ്രവർത്തകരാണ് സേവാഭാരതിയുടെ ജില്ലാ ഘടകത്തെ അറിയിച്ചത്. തുടർന്ന് വിവാഹക്കുറി മുതൽ സദ്യ വരെയുള്ള ചെലവുകൾ സേവാഭാരതി ഏറ്റെടുക്കുകയായിരുന്നു. ചടങ്ങിൽ മാതൃ സമിതി അംഗങ്ങൾക്കൊപ്പം ഊരു മൂപ്പൻ ഭുവനചന്ദ്രൻ കാണി , സേവാഭാരതി സംഘടനാ സെക്രട്ടറി വിനുകുമാർ തുടങ്ങിയവർ പങ്കെടുത്തു.















