സാലഡ് വെള്ളരിയിൽ സാൽമൊണല്ല ബാക്ടീരിയ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി അമേരിക്ക. ദിവസങ്ങൾക്ക് മുമ്പ് സാലഡ് വെളളരി ഉപയോഗിച്ച 162 പേർ സാൽമൊണല്ല ബാക്ടീരിയ ബാധയുടെ ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് 54 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഫ്ളോറിഡയിലെ ഒരു ഫാമിൽ നിന്നുള്ള വെള്ളരിക്ക കഴിച്ചവർക്കാണ് അണുബാധ.
രാജ്യത്തെ 14 സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്ത വെള്ളരിക്ക സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ തിരിച്ച് വിളിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലുള്ളവർ വാങ്ങിസൂക്ഷിച്ച വെളളരിക്ക ഉടനടി നശിപ്പിക്കമെന്നും ജാഗ്രതാ സന്ദേശത്തിൽ പറയുന്നു.
പെൻസിൽവാനിയയിലാണ് അണുബാധ ആദ്യം കണ്ടെത്തിയത്. പിന്നാലെ അലബാമ, ഫ്ലോറിഡ, ജോർജ്ജിയ, ഇല്ലിനോയിസ്, മേരിലാൻഡ്, നോർത്ത് കരോലിന, ന്യൂ ജേഴ്സി, ന്യൂ യോർക്ക്, ഓഹിയോ, പെനിസിൽവാനിയ, സൗത്ത് കരോലിന, ടെന്നസി, വിർജീനിയ, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിലും റിപ്പോർട്ട് ചെയ്തു.
ഗുരുതരമായ ഭക്ഷ്യ വിഷബാധയക്ക് കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് പച്ചക്കറിയിൽ കണ്ടെത്തിയത്. ലോകത്തുണ്ടാവുന്ന ഭക്ഷ്യ വിഷബാധകളിൽ 80 ലേറെ ശതമാനത്തിനും കാരണം പ്രസ്തുത ബാക്ടീരിയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
നിലവിലെ അണുബാധമൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വയറിളക്കം, പനി, വയറുവേദന എന്നിവയാണ് രോഗലക്ഷണം. ബാക്ടീരിയ ശരീരത്തിലേക്ക് കടന്നാൽ ആറു മണിക്കൂർ മുതൽ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങൾ പ്രകടമാവുന്നത്. കുട്ടികളിലും വയോജനങ്ങളിലും ദുർബലമായ പ്രതിരോധശേഷി ഉള്ളവരിലും സ്ഥിതി ഗുരുതരമായേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.















