ന്യൂയോർക്ക്: ബോയിംഗ് സ്റ്റാർലൈനർ അതിന്റെ ആദ്യ ബഹിരാകാശ യാത്രിക സംഘത്തേയും തിരികെ വഹിച്ച് കൊണ്ട് ഈ മാസം 18ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് യാത്ര തിരിക്കുമെന്ന് നാസ. ബോയിംഗും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മുൻ നിശ്ചയിച്ചതിലും വൈകിയാണ് പേടകം ഭൂമിയിലേക്ക് യാത്ര തിരിക്കുന്നത്. ഈ മാസം അഞ്ചിനാണ് ഫ്‌ളോറിഡയിൽ നിന്ന് രണ്ട് യാത്രികരുമായി സ്റ്റാർലൈനർ യാത്ര തിരിച്ചത്. 26 മണിക്കൂറിലധികം സമയമെടുത്താണ് പേടകം ഐഎസ്എസിൽ ഡോക് ചെയ്തത്.
ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും, സഹ സഞ്ചാരിയായ ബുച്ച് വിൽമോറുമാണ് ഈ യാത്രയിലൂടെ പുതിയ ചരിത്രം കുറിച്ചത്. നാസയുടെ കൊമേഷ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള സ്റ്റാർലൈനറിന് വേണ്ടി നടത്തുന്ന ആദ്യ പരീക്ഷണയാത്ര കൂടിയാണിത്. വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാസയോടൊപ്പം ചേർന്ന് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. 14ാം തിയതി സ്റ്റാർലൈനർ അൺഡോക് ചെയ്ത് ഭൂമിയിലേക്ക് മടങ്ങുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. സാങ്കേതിക തകരാറുകൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഘടകങ്ങൾ കൂടി പരിഗണിച്ചാണ് മടക്കയാത്രയുടെ സമയം നീട്ടിയത്. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ കൈമാറുമെന്നും നാസ അറിയിച്ചു.
ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാൻഡ്‌സ് മിസൈൽ റേഞ്ചിലെ മരുഭൂമി, അരിസോണയിലെ വിൽകോക്‌സ് പ്ലേയ എന്നീ സ്ഥലങ്ങളാണ് പേടകം ഇറങ്ങുന്നതിനായി നിശ്ചയിച്ചിരിക്കുന്നത്. കാലാവസ്ഥ കൂടി പരിഗണിച്ചായിരിക്കും ഇതിൽ അന്തിമ തീരുമാനം എടുക്കുന്നത്. ഐഎസ്എസിൽ ഡോക് ചെയ്ത സ്റ്റാർലൈനറിൽ മറ്റൊരു സാങ്കേതിക പ്രശ്‌നം കൂടി കണ്ടെത്തിയതായി ഐഎസ്എസിന്റെ നാസയുടെ ഡെപ്യൂട്ടി പ്രോഗ്രാം മാനേജർ ദിന കോണ്ടല്ല അറിയിച്ചിരുന്നു. ഇത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.