മുംബൈ: സ്വർണ നിക്ഷേപ പദ്ധതി തട്ടിപ്പിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുംബൈ കോടതി. റിദ്ധി സിദ്ധി ബുള്ളിയൻ കമ്പനി മാനേജിംഗ് ഡയറക്ടർ പൃഥ്വിരാജ് കോത്താരി നൽകിയ പരാതിയിലാണ് കോടതി നടപടി.
2014-ൽ ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും ചേർന്ന് ആരംഭിച്ച സത്യുഗ് ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടാണ് കേസ്. അഞ്ച് വർഷം പണം നിക്ഷേപിച്ചാൽ മെച്യൂരിറ്റി തിയതിയിൽ നിശ്ചിത സ്വർണം വാഗ്ദാനം ചെയ്യുന്ന പദ്ധതിയിൽ പൃഥ്വിരാജ് കോത്താരി അംഗമായിരുന്നു. 2019 ഏപ്രിൽ 2-ന് 5,000 ഗ്രാം 24 കാരറ്റ് സ്വർണം ലഭിക്കുമെന്ന ഉറപ്പിന്മേൽ 90,38,600 രൂപ നിക്ഷേപിച്ചതായി പരാതിയിൽ പറയുന്നു. മെച്യൂരിറ്റി തിയതി കഴിഞ്ഞ് അഞ്ച് വർഷം കഴിഞ്ഞിട്ടും സ്വർണം നൽകാതെ കമ്പനി കബളിപ്പിച്ചു. ഇത് തികച്ചും വ്യാജമായ പദ്ധതിയാണെന്നും ഇരുവർക്കും തട്ടിപ്പിൽ പങ്കാളിത്തമുണ്ടെന്നും കോത്താരി ആരോപിച്ചു.
പരാതി അന്വേഷിക്കാൻ ബാന്ദ്ര കുർള കോംപ്ലക്സ് പൊലീസിനോട് കോടതി നിർദ്ദേശിച്ചു. വഞ്ചനയ്‌ക്കും ക്രിമിനൽ വിശ്വാസവഞ്ചനയ്‌ക്കും എതിരെ പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.















