ഗുവാഹത്തി: 48 കോടിയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. അസമിലെ ശിവസാഗർ, കർബി, ആഗ്ലോങ് ജില്ലകളിലാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേരെ പിടികൂടിയത്. അതിർത്തി വഴി മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടന്നത്.
16-17 തീയതികളിലായിരുന്നു പരിശോധന. ആദ്യ സംഭവത്തിൽ നാഗാലാൻഡിൽ നിന്ന് വരികയായിരുന്ന ട്രക്കിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. അർദ്ധരാത്രി സംശയാസ്പദമായി കണ്ടതിനെ തുടർന്ന് വാഹനം തടഞ്ഞുനിർത്തി പൊലീസ് പരിശോധിക്കുകയായിരുന്നു. 46 കോടി രൂപ വിലമതിക്കുന്ന 4.6 കിലോ ഹെറോയിനാണ് വാഹനത്തിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കർഹി, ആഗ്ലോങ് പ്രദേശത്ത് നടത്തിയ പരിശോധനയിൽ 8.033 കിലോ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത് സംഘങ്ങളെ പിടികൂടുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എക്സിൽ കുറിച്ചു.















