കരിക്കിന്റെ വെബ് സീരീസിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദീപ തോമസ്. വെബ് സീരിസിൽ നിന്നും സിനിമയിലേക്ക് കടന്ന ദീപയുടെ ഏറ്റവും ശ്രദ്ധേയമായ സിനിമ ‘ഹോം’ ആയിരുന്നു. ഹോമിന് ശേഷം സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവര്‍ക്കൊപ്പം ദീപ തോമസും പെരുമാനിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമാ ജീവിതത്തിലെ ഏറ്റക്കുറച്ചിലുകളെ കുറിച്ച് സംസാരിക്കുകയാണ് താരം.
കരിയർ ആരംഭിച്ചത് മോഡലിംഗിലൂടെയാണെന്നും എല്ലാവരെയും പോലെ സിനിമ ആയിരുന്നു സ്വപ്നമെന്നുമാണ് നടി പറയുന്നത്. സിനിമയിൽ വന്നതിന് ശേഷം അവസരങ്ങൾ കിട്ടാതായതോടെ ഡിപ്രസ്ഡായ സ്റ്റേജുവരെ ഉണ്ടായിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ ആയിരുന്നു ഇതെല്ലാം അനുഭവിച്ചത്. അഭിനയത്തിലേക്ക് എത്തിപ്പെടാൻ ഒരുപാട് കഷ്ടപ്പാടുകൾ നേരിടേണ്ടി വരാമെന്നാണ് ദീപ തോമസ് പറയുന്നത്.
നമ്മൾ ആഗ്രഹിക്കുന്നിടത്ത് എത്തിപ്പെടുന്നത് വരെയാണ് ഇതെല്ലാം. എത്തിയതിന് ശേഷം മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളെ കുറിച്ചറിയുമ്പോൾ നമ്മളൊക്കെ അനുഭവിച്ചത് ഒന്നുമല്ലെന്ന് തോന്നിപോകും. ശരിക്കും ഓരോ കഷ്ടപ്പാടുകൾക്ക് പിന്നിലും ഓരോ കഥ പറയാനുണ്ടാകും. എന്താണോ നമുക്ക് സന്തോഷം തരുന്നത് അത് ചെയ്യുക എന്നതാണ് തനിക്ക് പ്രധാനമെന്ന് നടി വ്യക്തമാക്കി.
സിനിമയിൽ നായികയായി തന്നെ അഭിനയിക്കണമെന്ന നിർബന്ധമൊന്നും എനിക്കില്ല. സപ്പോർട്ടിംഗ് റോളാണെങ്കിലും ഞാൻ സ്വീകരിക്കും. നല്ലൊരു റോളാണെങ്കിൽ സപ്പോർട്ടിംഗ് റോൾ ചെയ്യുന്നതിലും എനിക്ക് വിരോധമില്ല. അതിന്റെ പേരിൽ ടൈപ്പ്കാസ്റ്റ് ചെയ്യുമെന്ന ഭയവുമില്ല. ഏതുതരം റോളുകളും ചെയ്യാൻ തയ്യാറാകുമ്പോഴാണ് അത് കണ്ട് മറ്റൊരു സിനിമയിലേക്ക് നമ്മളെ വിളിക്കുന്നതെന്നും ദീപ കൂട്ടിച്ചേർത്തു.















