ദുബായ്: കുവൈത്തിലെ മംഗഫിൽ തീപിടിത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സഹായധനം പ്രഖ്യാപിച്ച് കുവൈത്ത് സർക്കാർ.മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങൾ 12.5 ലക്ഷം (5,000 ദിനാർ) രൂപയാണ് നൽകുക.സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈത്ത് അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ തൊഴിലാളി പാർപ്പിടകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികളടക്കം 46 ഭാരതീയരാണ് മരിച്ചത്. 3 ഫിലിപ്പീനോകളുമുൾപ്പെടെ 49 പേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. മരിച്ചവരുടെ കുടുംബത്തിന് കുവൈത്ത് സർക്കാർ പ്രഖ്യാപിച്ച ധനസഹായം എംബസി വഴി വിതരണം ചെയ്യും.
മംഗഫ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സംഭവ ദിവസം തന്നെ ഉത്തരവിട്ടിരുന്നത്. തുകയെത്രയെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപവീതം നേരത്തെ അനുവദിച്ചിരുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ച്ച ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 5 ലക്ഷം രൂപയും രവിപിള്ള രണ്ട് ലക്ഷം രൂപയും ആശ്വാസ ധനം നൽകുമെന്ന് അറിയിച്ചിരുന്നു. നിലവിൽ 24 പേരാണ് രാജ്യത്തെ വിവിധ ആശുപത്രിയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം പരിക്കേറ്റ് ചികിത്സയിലായിരുന്ന 7 പേർകൂടി ആശുപത്രി വിട്ടു.