വാഷിംഗ്ടൺ: പ്രായം വെറും നമ്പറാണെന്ന് തെളിയിച്ച് വർജീനിയ ഹിസ്‌ലോപ്പ്. 105ാം വയസിൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കിയാണ് വർജീനിയ വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞ ഞായറാഴ്ച സർവകലാശാല വെച്ച് നടന്ന ബിരുദദാന ചടങ്ങിൽ കറുത്ത ഗൗണും തൊപ്പിയും ധരിച്ച് അഭിമാനം നിറഞ്ഞ ചിരിയോടെ അവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
1936ലാണ് ഇതേ സർവകലാശാലയിൽ നിന്നാണ് വർജീനിയ ഡിഗ്രി പൂർത്തിയാക്കിയത്. ഉടൻ തന്നെ മാസ്റ്റേഴ്സ് പഠനം ആരംഭിച്ചെങ്കിലും രണ്ടാം ലോകമഹായുദ്ധം തടസ്സമായി. വർജീയയുടെ പ്രതിശ്രുത വരൻ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമാകാൻ സേനയിൽ ചേർന്നതോടെ അവസാന തീസിസ് സമർപ്പിക്കാൻ ഇവർക്ക് സാധിച്ചില്ല. അക്കാലത്ത് വിവാഹത്തിനും കുടുംബത്തിനും വേണ്ടി അവളുടെ കരിയർ ത്യജിക്കുന്നത് ത്യാഗമായാണ് കണക്കാക്കപ്പെട്ടിരുന്നത്.
83 വർഷങ്ങൾക്ക് ഇപ്പുറവും അന്ന് എഴുതിയ തീസിസ് വർജീനിയ നിധി പോലെ സൂക്ഷിച്ചിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ മരുമകൻ സർവകലാശാലയുമായി ബന്ധപ്പെട്ടു,. ഇതോടെയാണ് ബിരുദത്തിനുള്ള വഴി തുറന്നത്. തീസിസിനല്ല 83 വർഷത്തെ സമർപ്പണത്തിനുള്ള അംഗീകാരമെന്ന് പറഞ്ഞാണ് സർവകലശാല ബിരുദം സമ്മാനിച്ചത്. യുദ്ധാനന്തരം വാഷിംഗ്ടണിലെ താമസം മാറ്റിയ വർജിനിയ അധ്യാപനത്തിന്റെ പാത തെരഞ്ഞെടുത്തു. ഭർത്താവ് ജോർജ്ജ് ഫാമിലി ബിസിനസിന്റെ ഭാഗമാകുകയും ചെയ്തു.















