ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ വധിച്ചതായി കശ്മീർ ഐജിപി അറിയിച്ചു. ഇന്ന് രാവിലെയാണ് ബാരാമുള്ളയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഹദിപോറ ഗ്രാമത്തിലായിരുന്നു സംഭവം. ഏറ്റുമുട്ടലിൽ പൊലീസുകാരന് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
ഭീകരരെ കണ്ടെത്തുന്നതിനായി ഇന്നുരാവിലെ പൊലീസും സുരക്ഷാസേനയും സംയുക്തമായി ബാരാമുള്ളയിൽ തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനായിട്ടില്ല.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീരിൽ നിരവധി തവണ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ മൂന്നിന് പുൽവാമയിൽ ഏറ്റുമുട്ടൽ നടന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് റിയാസി ഭീകരാക്രമണമുണ്ടായത്. തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ ഭീകരർ വെടിയുതിർത്തതോടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ കൊല്ലപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം കത്വയിലും ദോഡയിലും ഭീകരാക്രമണുണ്ടായി. കശ്മീരിൽ ഒരിടവേളയ്ക്ക് ശേഷം ഏറ്റുമുട്ടലുകൾ വർദ്ധിച്ച സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോഗവും നടന്നിരുന്നു.