വാഷിംഗ്ടൺ: ഇന്തോ-പസഫിക് സ്ട്രാറ്റജിയിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ. പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം വട്ടം അധികാരമേൽക്കുമ്പോൾ ഇന്ത്യ-യുഎസ് ബന്ധം ഏത് തലത്തിലാണുള്ളതെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
” സർക്കാർ തലത്തിൽ എന്നതിലുപരിയായി എല്ലാ മേഖലകളിലും ഇന്ത്യ അമേരിക്കയുടെ നല്ലൊരു പങ്കാളിയായി തുടരുകയാണ്. ഇന്തോ-പസഫിക് സ്ട്രാറ്റജിയിൽ അവരുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്. ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുക എന്നതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും” മാത്യു മില്ലർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും രാജ്യത്ത് സന്ദർശനം നടത്തിയിരുന്നു. മൂന്നാം വട്ടം എൻഡിഎ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥന്റെ ആദ്യ സന്ദർശനമായിരുന്നു ഇത്. ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമായി ബന്ധപ്പെട്ടും വിവിധ മേഖലകളിൽ നേടിയ പുരോഗതിയെക്കുറിച്ചും പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജേക്ക് സള്ളിവൻ സംസാരിച്ചിരുന്നു.
ഇന്ത്യയും അമേരിക്കയുമായുള്ള സഹകരണം എല്ലാ മേഖലകളിലും ശക്തിപ്പെടുത്താൻ പ്രവർത്തിക്കുമെന്നും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെലികോം, പ്രതിരോധം, സ്പേസ് തുടങ്ങീ ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ തലങ്ങളിൽ ഇരുരാജ്യങ്ങളും ഇന്ന് ഏറെ ശക്തിപ്പെട്ട് പ്രവർത്തിക്കുന്നതായും ജേക്ക് സള്ളിവൻ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.