പാരീസ്: പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാനില്ല. എന്നാൽ എല്ലാ മാസവും കൃത്യമായി മുഴുവൻ ശമ്പളവും ലഭിക്കുന്നു. ഇതിൽപ്പരം എന്തുവേണമെന്നായിരിക്കും നമ്മളിൽ പലരുടെയും ചിന്ത. സ്വപ്നതുല്യമായ ജീവിതമെന്ന് നമ്മൾ കരുതുമെങ്കിലും ഫ്രഞ്ച് വനിത ലോറൻസ് വാൻ വാസൻഹോവിനിത് കമ്പനിയുടെ ഭാഗത്തുനിന്നുള്ള അവഗണനയായി മാത്രമേ തോന്നിയുള്ളൂ. അതുകൊണ്ടുതന്നെ 20 വർഷമായി തനിക്ക് ജോലിയൊന്നും തരാതെ കൃത്യമായി എല്ലാ മാസവും ശമ്പളം നൽകുന്ന കമ്പനിക്കെതിരെ പരാതി നൽകി കോടതിയെ സമീപിച്ചിരിക്കുകയാണ് യുവതി.
തന്റെ ആരോഗ്യസ്ഥിതിയോടുള്ള അപമാനവും വിവേചനവുമാണ് ഇതെന്ന് ആരോപിച്ചയാണ് ഭിന്നശേഷിക്കാരിയായ യുവതി ടെലികോം ഭീമന്മാരായ ‘ഓറഞ്ച്’ കമ്പനിക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നത്. ശരീരത്തിന്റെ ഒരുവശം തളർന്നുപോയ യുവതിക്ക് അപസ്മാര രോഗവും ബാധിച്ചിട്ടുണ്ട്.1993 ലാണ് ലോറൻസ് ഫ്രാൻസിലെ ഒരു ടെലികോം കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. യുവതിയുടെ ശാരീരിക പരിമിതികൾ മനസിലാക്കി അതിന് അനുയോജ്യമായ പദവിയാണ് കമ്പനി നൽകിയിരുന്നത്.
എന്നാൽ കമ്പനി ഓറഞ്ച് ഗ്രൂപ്പ് ഏറ്റെടുത്തതോടെ കാര്യങ്ങൾ മാറി. 2002 ൽ അവർ സൗകര്യാർത്ഥം ഫ്രാൻസിലെ മറ്റൊരിടത്തേക്ക് ട്രാൻസ്ഫെറിന് അപേക്ഷിച്ചു. എന്നാൽ കമ്പനി ഈ ആവശ്യം ചെവിയ്‌ക്കൊണ്ടില്ല. വിട്ടുവീഴ്ചകൾക്ക് അവർ ഒരുക്കമായിരുന്നില്ല. പകരം ജോലിയൊന്നും നൽകാതെ കൃത്യമായി യുവതിക്ക് എല്ലാമാസവും ശമ്പളം നൽകിക്കൊണ്ടിരുന്നു. എന്നാൽ ഈ അവഗണന സഹിക്കാനാവുന്നതിനും അപ്പുറമെന്നാണ് പരാതി നല്കാൻ കാരണമായി യുവതി പറയുന്നത്.