ന്യൂഡൽഹി: നികുതി വെട്ടിപ്പ് തടയാനായി ജിഎസ്ടി റജിസ്ട്രേഷനുകൾക്ക് ആധാർ അധിഷ്‌ടിത ബയോമെട്രിക് സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ശനിയാഴ്ച ചേർന്ന 53-ാമത് ജിഎസ്ടി കൗൺസിലിലാണ് തീരുമാനം. പുതിയ സംവിധാനം ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുക.
പുതിയ സംവിധാനം നികുതി വെട്ടിപ്പ് തടയാൻ സഹായിക്കുന്നതിന് പുറമേ ജിഎസ്ടിയിൽ രജിസ്ട്രേഷൻ പ്രക്രിയ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വ്യാജമായി നിർമിച്ച വൈദ്യുതി ബിൽ, വസ്തു നികുതി രസീതുകൾ, വാടക കരാർ എന്നിവ ഉപയോഗിച്ച് ജിഎസ്ടി രജിസ്ട്രേഷൻ എടുക്കുന്ന സംഭവം വർദ്ധിച്ച് വരുന്നതായി ധനമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരം വ്യാജ റജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾ സേവനമോ ഉൽപ്പന്നമോ കൈമാറാതെ വ്യാജ ഇൻവോയിസ് കാണിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സ്വന്തമാക്കുകയാണ് പതിവ്. 2023 ഒക്ടോബർ- നവംബർ മാസങ്ങളിൽ കേരളത്തിൽ മാത്രം 152 കോടിയുടെ വെട്ടിപ്പാണ് നടന്നത്.
മൂന്നാം നരേന്ദ്രമോദി സർക്കാർ രൂപീകരിച്ചതിന് ശേഷം നടക്കുന്ന ആദ്യ ജിഎസ്ടി കൗൺസിൽ യോഗമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, സംസ്ഥാന മുഖ്യമന്ത്രിമാർ, ധനമന്ത്രിമാർ, ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.