തിരുവനന്തപുരം: മുൻ ഭർത്താവ് നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചതിനെ തുടർന്ന് മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സംഭവം. മുൻ ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കാൻ വയ്യാതെയാണ് താൻ ജീവനൊടുക്കുന്നതെന്നും മകളെ ഇയാൾക്ക് വിട്ടുകൊടുക്കരുതെന്നും എഴുതിയിരിക്കുന്ന ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയാണിയാൾ.
മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് യുവതിയും ഭർത്താവും വിവാഹമോചിതരായത്. തുടർത്ത് യുവതി മകളുമൊത്ത് മണികണ്ഠേശ്വരത്ത് മാറി താമസിച്ചു വരികയായിരുന്നു. യുവതിയുടെ പേരിലുള്ള വീട് ഇയാൾക്കെഴുതി നൽകണമെന്നു പറഞ്ഞ് മുൻ ഭർത്താവ് നിരന്തരം ശല്യം ചെയ്തിരുന്നു.
ഇയാളുടെ ആവശ്യം യുവതി നിരസിച്ചതിന്റെ പ്രകോപനത്തിൽ തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയ ഇയാൾ യുവതിയെ മർദ്ദിക്കുകയും നഗ്ന ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.