ന്യൂഡൽഹി: കുട്ടികളെ ബാധിക്കുന്ന ഡുഷേൻ മസ്കുലർ ഡിസ്ട്രോഫി (ഡിഎംഡി) രോഗത്തിനുള്ള മരുന്ന് ഇന്ത്യയിലും എത്തുന്നു. ഒറ്റ ഡോസിന് 34 കോടി രൂപ വിലയിലുള്ള ‘എൽവിഡിസ്’ എന്ന ജീൻ തെറപ്പി മരുന്നിന് യുഎസ് എഫ്ഡിഎ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) അംഗീകാരം നൽകി. ലോകത്തിലെ ഏറ്റവും ചെലവേറിയ മരുന്നുകളിൽ ഒന്നാണ് ഇത്.
കുട്ടികളുടെ പേശികളെ ഗുരുതരമായി ബാധിക്കുകയും അതുവഴി വൈകല്യത്തിലേക്കും അകാലമരണത്തിലേക്കും നയിക്കുന്ന രോഗാവസ്ഥയാണ് ഡിഎംഡി. പേശികളിലെ കോളങ്ങളെ സംരക്ഷിക്കുന്ന ഡിസ്ട്രോഫിൻ എന്ന പ്രോട്ടീന്റെ അഭാവം മൂലമാണ് ആൺകുട്ടികളിൽ ഈ ജനിതകരോഗം ഉണ്ടാകുന്നത്. നടക്കാനുള്ള ബുദ്ധിമുട്ട്, നടക്കുന്നതിനിടയിൽ ഇടയ്‌ക്കിടെ വീണുപോകുക, പടികൾ കയറാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയാണ് പ്രാരംഭഘട്ടത്തിലെ ലക്ഷണങ്ങൾ. കേരളത്തിലും നൂറുകണക്കിന് പേർ ഫലപ്രദമായ ചികിത്സ ലഭിക്കാതെ വലയുന്നുണ്ട്.
രാജ്യത്ത് 3,500 ആൺകുട്ടികളിൽ ഒരാൾക്ക് എന്ന തോതിൽ ഡിഎംഡി കാണപ്പെടുന്നുവെന്നാണ് കണക്ക്. അപൂർവമായി പെൺകുട്ടികളിലും രോഗം കാണപ്പെടാറുണ്ട്. സ്രെപ്റ്റ തെറപ്പിയോട്ടിക്സ് എന്ന യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് മരുന്ന് വികസിപ്പിച്ചത്.















