ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കെജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. ഡൽഹി റോസ് അവന്യൂ കോടതിയിലെ ജഡ്ജി സുനേന ശർമയാണ് കെജ്രിവാളിനെ സിബിഐയുടെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.
കൂടുതൽ ചോദ്യം ചെയ്യുന്നതിന് വേണ്ടി കെജ്രിവാളിനെ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ നേരത്തെ ഹർജി സമർപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്നും കേസിൽ കെജ്രിവാളിനെതിരായി രേഖകളും തെളിവുകളും നിരത്തിയിട്ടും ബോധപൂർവം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും സിബിഐ കോടതിയെ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് കെജ്രിവാളിനെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ സിബിഐ അറസ്റ്റ് രേഖപ്പടുത്തിയതിന് പിന്നാലെയാണ് കസ്റ്റഡിയിൽ വിട്ടത്. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടതെങ്കിലും മൂന്ന് ദിവസത്തേക്ക് കോടതി അനുമതി നൽകുകയായിരുന്നു.