മണ്ഡപത്തിലും ക്ഷേത്രത്തിലുമൊക്കെ വിവാഹം നടത്തുന്നത് പഴഞ്ചൻ രീതിയായി കഴിഞ്ഞു. വെഡ്ഡിംഗ് ഡെസ്റ്റിനേഷനുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. മഴയത്ത് കല്യാണം, കെട്ടുവള്ളത്തിൽ കല്യാണം അങ്ങനെ അങ്ങനെ നീളുകയാണ് വിവാഹ വേദികൾ. ഏറ്റവുമൊടുവിലായി ഓടുന്ന ട്രെയിനിലും വിവാഹം നടത്താമെന്നായി, അതും രാജകീയമായി. ഇന്ത്യൻ റെയിൽവേയാണ് ഈ സുവർണാവസരമൊരുക്കുന്നത്.
രാജ്യത്തെ രാജകീയ ട്രെയിനുകളിലൊന്നായ പാലസ് ഓൺ വീൽസാണ് ഓടുന്ന ട്രെയിനിൽ വിവാഹം നടത്താൻ അനുമതി നൽകിയിരിക്കുന്നത്. രാജസ്ഥാനിലെ വിനോദ സഞ്ചാര മേഖലയെ കരുത്തുറ്റതാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനുമായി സഹകരിച്ച് ആരംഭിച്ച് ആഡംബര ടൂറിസ്റ്റ് ട്രെയിനുകളിലൊന്നാണ് പാലസ് ഓൺ വീൽസ്. രാജസ്ഥാന്റെ മനോഹാരിതയിൽ ഓടുന്ന ട്രെയിനിൽ താലിക്കെട്ടുന്നതിന് പുറമേ വിവാഹ കർമ്മങ്ങളും നടത്താം. ജൂലൈ 20 മുതൽ ട്രെയിൻ പ്രവർത്തസജ്ജമാകും. ഇത് സംബന്ധിച്ച് ട്രാവൽ കമ്പനികളുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്.
പൈതൃകത്തിനും സാംസ്കാരിക തനിമയ്‌ക്കും പേരുകേട്ട നാടായ രാജസ്ഥാനിലെ ഉദയ്പൂർ, ജയ്പൂർ, ജയ്സാൽമിർ, ജോദ്കപൂർ, ഭരത്പൂർ, ആഗ്ര തുടങ്ങിയ ഇടങ്ങളിലൂടെയാകും ട്രെയിൻ സഞ്ചരിക്കുക. ഡീലക്സ് ക്യാബിനുകൾ, ഫൈൻ ഡൈനിംഗ്, ബാർ, ലോഞ്ച്, സ്പാ തുടങ്ങിയ രാജകീയ സൗകര്യങ്ങൾ ട്രെയിനിലുണ്ട്. പാലസ് ഓൺ വീൽസിൽ ഒരു ദിവസത്തെ യാത്രയ്‌ക്ക് തന്നെ ലക്ഷങ്ങൾ നൽകണം. 1982-ലാണ് ആദ്യമായി പാലസ് ഓൺ വീൽസ് സർവീസ് ആരംഭിച്ചത്. ഹെറിറ്റേജ് പാലസ് ഓൺ വീൽസ് എന്നും ഈ ട്രെയിൻ അറിയപ്പെടുന്നു.















