സന്ധിവാതം കൊണ്ട് ദുരിതം അനുഭവിക്കുന്നവർ ചെറുതല്ല. സന്ധികളെയും അതിന് ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയാണ് സന്ധിവാതം. നൂറിലേറെ തരം സന്ധിവാതമുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. മഴക്കാലത്താണ് സന്ധിവാതം മൂലമുള്ള വേദനയും നീരും മറ്റ് അസ്വസ്ഥതകളും അധികരിക്കുന്നത്.
മഴയെത്തുന്നതോടെ അന്തരീക്ഷ താപനിലയും ശരീര താപനിലയും കുറയുന്നതാണ് ഇതിന് കാരണം. കാലാവസ്ഥയിലെ മാറ്റങ്ങൾ സന്ധികളിലെ ദ്രാവകത്തെയും നാഡികളുടെ സംവേദക്ഷമതയെയും ബാധിക്കും. ഇത് സന്ധിവാതത്തിന്റെ അസ്വസ്ഥകൾ വർദ്ധിക്കാൻ കാരണമാകും. സന്ധിവാതത്തിന്റെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് ഇനി പറയുന്ന ചില കാര്യങ്ങൾ പിന്തുടരാവുന്നതാണ്.
- ശരീരം ചൂടാക്കി നിർത്താൻ ശ്രദ്ധിക്കുക. ശരീരം ചൂടായിരിക്കുമ്പോൾ രക്തചംക്രമണം വർദ്ധിക്കുകയും സന്ധിവേദന കുറയുകയും ചെയ്യും. ചൂടു വെള്ളത്തിൽ കുളിക്കുന്നതും ഹോട്ട് വാട്ടർ ബാഗ് സന്ധികളിൽ വയ്ക്കുന്നതും നല്ലതാണ്.
- ജലാംശം നിലനിർത്തേണ്ടതും അനിവാര്യമാണ്. നിർജ്ജലീകരണം വീക്കം വർദ്ധിപ്പിക്കാൻ കാരണമാകും. ഒരു ദിവസം കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഹെർബൽ ടീ, നേർപ്പിച്ച പഴച്ചാറുകൾ എന്നിവയും കുടിക്കാവുന്നതാണ്.
- വ്യായമം പതിവാക്കുന്നത് സന്ധികളുടെ വഴക്കം നിലനിർത്താനും സന്ധികൾക്ക് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. നടപ്പ്, സ്ട്രെച്ചിംഗ് വ്യായാമങ്ങൾ, ഫ്ളെക്സിബില്റ്റി വ്യായാമങ്ങൾ എന്നിവ ചെയ്യാൻ മറക്കരുത്.
- ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരണം. നീർക്കെട്ട് കുറയ്ക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ സന്ധിവേദനയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കും. ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആൻ്റിഓക്സിഡൻ്റുകൾ, വിറ്റാമിനുകൾ എന്നിവ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഇലക്കറികൾ, പരിപ്പ്, വിത്തുകൾ, കടൽ മത്സ്യങ്ങൾ, ഒലിവ് ഓയിൽ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- ഭാരം നിലനിർത്തുന്നതും സന്ധിവേദന ലഘൂകരിക്കും. അമിതഭാരം സന്ധിവേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകാം.
- ശരീരത്തിന് മതിയായ വിശ്രമവും അത്യാവശ്യമാണ്. ഉറക്കക്കുറവ് വേദന കൂട്ടാൻ കാരണമാകും. ദിവസവും കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക.
- നനഞ്ഞ വസ്ത്രങ്ങളും മറ്റും ഒഴിവാക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇത് വേദന വർദ്ധിപ്പിക്കും. എസി ഉപയോഗവും ശ്രദ്ധിക്കുക.















