ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിലൂടെ ‘അഴകിയ ലൈല’ എന്ന പാട്ട് വീണ്ടും ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ചിത്രം ഇറങ്ങി മാസങ്ങൾ പിന്നിട്ടതോടെ ഈ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംഗീത സംവിധായകൻ സിർപ്പി. തന്റെ അനുമതി വാങ്ങാതെയാണ് സിനിമയിൽ പാട്ട് ഉപയോഗിച്ചതെന്നാണ് സിർപ്പിയുടെ വാദം.
സിനിമ ഒടിടിയിൽ എത്തിയതോടെയാണ് തന്റെ പാട്ട് സിനിമയിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് അറിയുന്നതെന്നും സിർപ്പി പറയുന്നു. പാട്ടിന്റെ അവകാശം നിര്‍മ്മാതാക്കള്‍ വാങ്ങിയിട്ടുണ്ടെങ്കിലും, ഒരു മലയാള സിനിമയില്‍ തന്റെ ഗാനം ഉപയോഗിക്കുന്നുവെന്നും താന്‍ അറിഞ്ഞില്ലെന്നും ആരും അറിയിച്ചില്ലെന്നുമാണ് സിർപ്പി കുറ്റപ്പെടുത്തുന്നത്.
സംഭവം ഏറെ വിഷമിപ്പിച്ചെന്നും സംഗീത സംവിധായകന്റെ പേര് ക്രഡിറ്റ്‌സിലെങ്കിലും കൊടുക്കേണ്ടതായിരുന്നെന്നും സിർപ്പി പറഞ്ഞു. സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ല. പക്ഷെ തന്റെ പേര് ക്രഡിറ്റ്‌സില്‍ ചേര്‍ക്കാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെടുമെന്നുമാണ് സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നത്.
1996-ൽ പുറത്തിറങ്ങിയ ‘ഉള്ളത്തൈ അള്ളിത്താ’ എന്ന ചിത്രത്തിലെ പാട്ടാണ് ‘അഴകിയ ലൈല’. കാര്‍ത്തിക്കും രംഭയുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഈ ഗാനം അന്നു മുതൽ വമ്പൻ ഹിറ്റായിരുന്നു.















