അമരാവതി: ഒമ്പത് മാസങ്ങൾക്ക് മുമ്പ് ആന്ധ്രാപ്രദേശിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി പൊലീസ്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ഉപ മുഖ്യമന്ത്രി പവൻ കല്യാൺ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് ജമ്മുകശ്മീരിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയത്. കാണാതായ പെൺകുട്ടിയ കണ്ടെത്താൻ പൊലീസ് മാസങ്ങളോളം ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. തുടർന്ന്, ഉപമുഖ്യമന്ത്രിയായ പവൻ കല്യാൺ ഇടപെട്ടതോടെയാണ് കാര്യങ്ങൾ വേഗത്തിൽ നടന്നത്.
ആന്ധ്രാപ്രദേശിലെ ഭീമാവരം സ്വദേശിയായ തേജസ്വിനിയെയാണ് 9 മാസങ്ങൾക്ക് മുമ്പ് കാണാതായത്. മാതാപിതാക്കൾ പലയിടത്തും തിരച്ചിൽ നടത്തിയെങ്കിലും മകളെ കണ്ടെത്താനായില്ല. പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അധികൃതരുടെ ശ്രമങ്ങളെല്ലാം പരാജയമായിരുന്നു.
ഇതിനെ തുടർന്നാണ് ഉപമുഖ്യമന്ത്രി പവൻ കല്യാണിനെ പെൺകുട്ടിയുടെ അമ്മ സമീപിച്ചത്. തന്റെ ആശങ്കകൾ അറിയിച്ച് പരാതിയും നൽകിയിരുന്നു. തുടർന്ന്, കേസിന്റെ ഗൗരവം മനസിലാക്കിയ ഉപമുഖ്യമന്ത്രി അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. ഉപമുഖ്യമന്ത്രിയുടെ ഉത്തരവ് ലഭിച്ചതിന് പിന്നാലെ സംസ്ഥാന പോലീസ് വകുപ്പ് അന്വേഷണ നടപടികൾ വേഗത്തിലാക്കി.
ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിച്ചായിരുന്നു തിരച്ചിൽ. അന്വേഷണത്തിനൊടുവിൽ ജമ്മു കശ്മിരിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കാമുകൻ അംജദിനൊപ്പമായിരുന്നു തേജസ്വിനി കളിഞ്ഞിരുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് തേജസ്വിനിയെ കാണാതായത്.
വിജയവാഡയിലെ സ്വകാര്യ കോളേജിൽ ഹോട്ടൽ മാനേജ്‌മെൻ്റ് പഠിക്കുന്നതിനിടയിലാണ് അംജദും തേജസ്വിനിയും പ്രണയത്തിലാകുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പെൺകുട്ടിയുമായി നാടുകടന്ന അംജദ് ഹൈദരാബാദ്, വിശാഖപട്ടണം, കേരളം, ഷോലാപൂർ, ഗുജറാത്ത്, രാജസ്ഥാൻ, അജ്മീർ എന്നിവിടങ്ങളിലായിരുന്നു താമസം. ആരും കണ്ടെത്താതിരിക്കാൻ അംജദ് ഫോണിലെ സിം കാർഡ് മാറ്റിയെന്നും വിവിധ സ്ഥലങ്ങളിൽ മാറി താമസിച്ചെന്നും പൊലീസ് പറഞ്ഞു.
പൊലീസ് പിടികൂടുന്ന സമയം അംജദ് പ്രാദേശിക ഹോട്ടലിൽ ഷെഫായി ജോലി ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ തട്ടികൊണ്ടു പോകലിന് കേസ് രജിസ്റ്റർ ചെയ്തു.















