തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട വളരെ മനോഹരവും അപൂര്‍വ്വവുമായ ഒട്ടേറെ കാഴ്ചകള്‍ ഉള്ള രാജ്യമാണ് മലേഷ്യ . സഞ്ചാരികളെ തന്നിലേയ്‌ക്ക് ചേർത്ത് നിർത്തി ഓരോയിടത്തിന്റെയും കഥകൾ ചൊല്ലിത്തരുന്ന നാടാണിത് . മുസ്ലീം രാജ്യമായ മലേഷ്യയിൽ കാണാൻ കഴിയുന്ന മറ്റൊരു അത്ഭുതം കൂടിയുണ്ട് . ദേവസേനാപതി മുരുക ഭഗവാന് സമർപ്പിച്ചിരിക്കുന്ന ഒരു വലിയ ഹിന്ദു ക്ഷേത്രമാണ് ഇവിടെയുള്ളത് . മലേഷ്യയിലെ സെലാൻഗോറിൽ സ്ഥിതി ചെയ്യുന്ന ബട്ടു ഗുഹകളിലൊന്നിലാണിത് .
ടെമ്പിൾ കേവ് എന്നറിയപ്പെടുന്ന പ്രധാന ഗുഹയിലാണ് മുരുക ക്ഷേത്രം .19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ പ്രദേശത്ത് താമസമാക്കിയ ഇന്ത്യൻ കുടിയേറ്റക്കാരാണ് ക്ഷേത്രവും അനുബന്ധ ഘടനകളും വികസിപ്പിച്ചെടുത്തത്.ഇന്ത്യക്കു പുറത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ആരാധനാലയങ്ങളിൽ ഒന്നാണിത്.140 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അതികായ സുവർണ്ണ മുരുകന്റെ പ്രതിമയും ഇവിടെയാണുള്ളത് .
272 കോൺക്രീറ്റ് പടികൾ കയറി വേണം ഒരാൾക്കു നിരവധി ഹൈന്ദവ ആരാധനാലയങ്ങളുള്ള പവിത്രമായ ക്ഷേത്ര ഗുഹയിൽ എത്താൻ .വാർഷിക തൈപ്പൂയം ഉത്സവം , കാവടിയാട്ടം എന്നിവയും ഇവിടെ നടത്താറുണ്ട്. മ്യൂസിയം ഗുഹ, രാമായണ ഗുഹ തുടങ്ങിയ ഗുഹാക്ഷേത്രങ്ങളും ഇവിടെയുണ്ട് . ഈ ഗുഹകൾക്ക് പുറത്ത് 15 മീറ്റർ ഉയരമുള്ള ഹനുമാന്റെ പ്രതിമയുമുണ്ട്.















