മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. കൊച്ചിയിലാണ് ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ പേര് പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ ഗോകുൽ സുരേഷും പ്രധാന കഥാപാത്രമായി എത്തുന്നു.
മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഗൗതം വാസുദേവ് മേനോൻ ആദ്യമായാണ് ഒരു മലയാള ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ വരാനിരിക്കുന്ന ബസൂക്ക എന്ന ചിത്രത്തിലും ഗൗതം വാസുദേവ് മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മമ്മൂട്ടിക്കൊപ്പമുള്ള ഗോകുൽ സുരേഷിന്റെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ, അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റർ പീസ് എന്ന മമ്മൂട്ടി ചിത്രത്തിലും ഗോകുൽ സുരേഷ് വേഷം ചെയ്തിരുന്നു. പുതിയ സിനിമയിൽ നായികയായി എത്തുന്നത് നയൻതാര ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.