ഇന്ത്യ-ശ്രീലങ്ക പര്യടനത്തിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മൂന്നുവീതം ഏകദിനവും ടി20 അടങ്ങുന്ന പരമ്പര ജൂലായ് 26ന് തുടങ്ങി ഓഗസ്റ്റ് 7ന് അവസാനിക്കും. പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീറിന്റെ അരങ്ങേറ്റമാകും ലങ്കൻ പരമ്പര. ഇരു ടീമുകളും സ്ക്വാഡുകളെ പ്രഖ്യാപിച്ചിട്ടില്ല. സനത് ജയസൂര്യയും ശ്രീലങ്കൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് ഇന്ത്യക്കെതിരെയുള്ള പരമ്പരയോടെയാകും. താത്കാലിക പരിശീലകനായാണ് ജയസൂര്യക്ക് ചുമതല നൽകിയത്.
രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവർക്ക് വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോർട്ട് . അങ്ങനെയെങ്കിൽ കെ.എൽ രാഹുൽ ഏകദിന ക്യാപ്റ്റനായി മടങ്ങിയെത്തും. ഹാർദിക് പാണ്ഡ്യ ടി20 നായകനും. നിലവിൽ സിംബാബ്വെ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായി ഒപ്പമുള്ളത് എൻസിഎ ഡയറക്ടർ വിവിഎസ് ലക്ഷ്മൺ ആണ്.
ശ്രീലങ്കൻ പരമ്പരയ്‌ക്ക് രണ്ട് വേദികളേ അനുവദിച്ചിട്ടുള്ളൂ. എല്ലാ ടി20 മത്സരങ്ങളും പല്ലേക്കലെയിൽ നടക്കും. ഏകദിന മത്സരങ്ങൾക്ക് കൊളംബോ വേദിയാകും.