ന്യൂഡൽഹി: തൃശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ കേരളം വിട്ട് ആന്ധ്രാപ്രദേശിലേക്ക് മടങ്ങുന്നു. കേരള കേഡറിൽ നിന്ന് ആന്ധ്ര കേഡറിലേക്ക് മാറ്റിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറങ്ങി. മൂന്ന് വർഷത്തേക്കാണ് ഡെപ്യൂട്ടേഷനിൽ പോകുന്നത്. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ പ്രത്യേക സംഘത്തിലേക്കാണ് പുതിയ നിയമനം. പവൻ കല്യാൺ തന്റെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി തസ്തികയിലേക്ക് കൃഷ്ണ തേജയെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഡെപ്യൂട്ടേഷൻ അനുവദിച്ചത്. ഒരു മാസം മുമ്പ് കൃഷ്ണതേജ പവൻ കല്യാണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരളത്തിൽ പ്രളയകാലത്തും കോവിഡ് കാലത്തും കൃഷ്ണതേജ നടത്തിയ പ്രവർത്തനങ്ങളാണ് ഉപമുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അദ്ദേഹത്തെ ആവശ്യപ്പെടാൻ കാരണം. 2015 ബാച്ച് ഉദ്യോഗസ്ഥനായ കൃഷ്ണ തേജ ആലപ്പുഴ ജില്ലാ കളക്ടറായിരുന്നു.
നിലവിൽ ഒന്നര വർഷമായി തൃശൂർ ജില്ലാ കളക്ടറായി സേവനമനുഷ്ഠിക്കുകയാണ്. കെടിഡിസി എം ഡി, ടൂറിസം വകുപ്പ് ഡയറക്ടർ, പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടർ എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രിയായ പവൻ കല്യാണിന് ഗ്രാമ വികസനം, പഞ്ചായത്തീരാജ് വകുപ്പുകളുടെ ചുമതലയുണ്ട്.
കൃഷ്ണ തേജ ഡെപ്യൂട്ടേഷനിൽ പോകുന്നതോടെ കേരളത്തിന് നഷ്ടമാകുന്നത് മികച്ച ഉദ്യോഗസ്ഥനെയാണ്. ആലപ്പുഴയിൽ ചുമതല ഏറ്റെടുത്ത ശേഷം ലഭിച്ച ആദ്യ ശമ്പളം ആലപ്പുഴയിലെ പ്രമുഖ പാലിയേറ്റീവ് സംഘടനയായ സ്നേഹജാലകത്തിന് കൃഷ്ണ തേജ നൽകിയത് വാർത്തയായിരുന്നു. പ്രളയകാലത്ത് ആലപ്പുഴ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ശ്രദ്ധ നേടിയിരുന്നു. ഐ ആം ഫോർ ആലപ്പി എന്ന കൂട്ടായ്മ രൂപീകരിച്ചു കുട്ടനാട് ഉൾപ്പെടെയുള്ള മേഖലയിലെ ജനങ്ങളുടെ ശബ്ദമായി മാറി. കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പഠനത്തിന് സ്പോൺസർമാരെ ഏർപ്പെടുത്തിയതും ഏറെ കയ്യടി നേടി.