തിരുവന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതശരീരം കണ്ടെത്തിയതായി സൂചന. ജീർണ്ണാവസ്ഥയിലുള്ള മൃതദേഹം പഴവങ്ങാടി-തകരപ്പറമ്പ് ഭാഗത്തെ കനാലിൽ നിന്നാണ് ലഭിച്ചത്. മൃതശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു.
കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കനാലിൽ പൊങ്ങിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ജോയി ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കൂമ്പാരത്തിൽ കുടുങ്ങിയത്. തോട് വൃത്തിയാക്കുന്നതിനിടെ മഴ വന്നു. ഒപ്പമുണ്ടായിരുന്നവർ കരയ്‌ക്ക് കയറിയെങ്കിലും ജോയ് തോടിന്റെ മറുഭാഗത്തേക്ക് പോയി. ഇതിനിടെ ഒഴുക്ക് കൂടുകയും മാലിന്യത്തിൽ കുടുങ്ങുകയുമായിരുന്നു.















