ശ്രീനഗർ : ജമ്മു കശ്മീരിലെ സ്മാർട്ട് സിറ്റിയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാകുന്നു. ജമ്മു സ്മാർട്ട് സിറ്റി ലിമിറ്റഡിന്റെ നേതൃത്വത്തിൽ താവി നദീതീര വികസന പദ്ധതിയാണ് ആദ്യഘട്ടമായി ഒരുക്കുന്നത് . കൈയ്യേറ്റം ഒഴിപ്പിച്ച ഭൂമിയിലും സമീപ പ്രദേശങ്ങളിലും ഹരിത കെട്ടിടങ്ങൾ സ്ഥാപിക്കുന്നതാണ് പരിഗണിക്കുക.
ഈ ഹരിത കെട്ടിടങ്ങളിൽ പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകൾ, സുസ്ഥിരമായ നിർമ്മാണ സാമഗ്രികൾ എന്നിവ ഉൾപ്പെടുത്തും. ജമ്മുവിന്റെ ഹൃദയഭാഗത്തുള്ള താവി റിവർഫ്രണ്ട് പദ്ധതി ഗുജറാത്തിലെ സബർമതി നദീതീരത്തിന്റെ മാതൃകയിൽ വികസിപ്പിച്ചെടുക്കും . ഇത് പ്രകൃതിദത്ത ശുദ്ധീകരണ ശേഷി മെച്ചപ്പെടുത്തുകയും , ജലാശയത്തിന്റെ സൗന്ദര്യാത്മക മൂല്യം വർധിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് .
നികത്തിയ ഭൂമിയിലും അതിനോട് ചേർന്നുള്ള വെയർഹൗസിലും വിനോദം, പാർപ്പിടം, വാണിജ്യം, ഹരിത ഇടങ്ങൾ എന്നിവ നിർമ്മിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.ജമ്മു സ്മാർട്ട് സിറ്റിക്ക് ഈ പ്രോജക്റ്റ് വളരെയധികം സാധ്യതകൾ നൽകുന്നു, മാത്രമല്ല ഈ മേഖലയിലെ ടൂറിസത്തെ ഗണ്യമായി വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് – JSCL പ്രോജക്ട് ഡയറക്ടർ സുനിൽ തുസൂ പറഞ്ഞു.















