തൃശൂർ: എലിപ്പനി ബാധിച്ച ചികിത്സയിലായിരുന്ന ഗുരുവായൂര്‍ മമ്മിയൂര്‍ സ്വദേശി സുരേഷ് ജോര്‍ജ് (62) മരിച്ചു. കോട്ടപ്പടി ജിംനേഷ്യത്തിലെ ട്രെയിനറും പാറവട്ടി സ്കൂളിലെ ഹിന്ദി അദ്ധ്യാപകനുമായിരുന്നു സുരേഷ് ജോർജ്.
കഴിഞ്ഞ ആഴ്ചയാണ് സുരേഷിന് എലിപ്പനി സ്ഥിരീകരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്. സംസ്കാരം നാളെ രാവിലെ പത്തിന് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ നടക്കും.
സംസ്ഥാനത്ത് എലിപ്പനി വീണ്ടും പടരുകയാണ്. ഈ വർഷം ഇതുവരെ ഇതുവരെ 2381 പേരാണ് എലിപ്പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ 145 പേർ മരിച്ചു. കൃത്യമായ ചികില്‍സയിലൂടെയും മുൻകരുതലുകൾ എടുത്തും മാത്രമേ എലിപ്പനിയെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ. കൃഷിപ്പണി ചെയ്യുന്നവര്‍, മൃഗങ്ങളുമായി അടുത്തിടപഴകുന്നവര്‍, കശാപ്പുശാലകളിലെ ജീവനക്കാര്‍, ശുചീകരണത്തൊഴിലാളികള്‍, കുളത്തിലും മറ്റ് പൊതുസ്ഥലങ്ങളിലും കുളിക്കുന്നവര്‍ തുടങ്ങിയവരിലാണ് രോഗബാധ ഉണ്ടാകാനുള്ള സാധ്യത.















