മണിപ്പാൽ: ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ് വല്യത്താൻ അന്തരിച്ചു. 90 വയസായിരുന്നു. മണിപ്പാലിൽ ആയിരുന്നു അന്ത്യം.
തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനാണ്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെ ലോകോത്തര നിലവാരത്തിലെത്തിച്ചയാളാണ് വല്യത്താൻ. വിദേശത്ത് നിന്ന് വൻ വിലയ്‌ക്ക് വാങ്ങിക്കൊണ്ടിരുന്ന ഹൃദയ വാൽവുകൾ ശ്രീചിത്രയിൽ നിർമിച്ച്, ഇന്ത്യയിൽ ആദ്യമായി കുറഞ്ഞ വിലയ്‌ക്കു വാൽവ് ലഭ്യമാക്കാൻ സാധിച്ചതിന് പിന്നിൽ ചുക്കാൻ പിടിച്ചത് അദ്ദേഹമായിരുന്നു.
മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായ അദ്ദേഹം പിന്നീട് ആയൂർവേദ ഗവേഷണത്തിലേക്ക് തിരിഞ്ഞു. ആയുർവേദവും അലോപ്പതിയും സമന്വയിപ്പിച്ചു കൊണ്ടുപോകാവുന്ന പല നിർദ്ദേശങ്ങളും മുന്നോട്ടുവച്ചു. പത്മശ്രീയും പത്മവിഭൂഷണനും ഉൾപ്പടെ ഇന്ത്യയിലും വിദേശത്തുമായി നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. മാവേലിക്കര രാജകുടുംബാംഗമാണ്.















