രാജ്യത്ത് ഏറ്റവുമൊടുവിലായി ചാന്ദിപുര വൈറസാണ് പകരുന്നത്. ഗുജറാത്തിൽ വൈറസ് പിടിമുറുക്കിയിരിക്കുകയാണ്. ജൂലൈ പത്തിന് ശേഷം രോഗലക്ഷണങ്ങളുമായെത്തിയ 15 കുട്ടികളാണ് ഗുജറാത്തിൽ മരണത്തിന് കീഴടങ്ങിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ ഒരാൾക്ക് മാത്രമാണ് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനയിൽ ചാന്ദിപുര വൈറസ് ആണെന്ന് തെളിഞ്ഞത്. ബാക്കിയുള്ള ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. ലക്ഷണങ്ങൾ സമാനമായതിനാൽ ചാന്ദിപുരവൈറസ് ആയി തന്നെ കണക്കാക്കി ചികിത്സ നൽകാനാണ് ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്.
1965-ൽ മഹാരാഷ്‌ട്രയിലെ ചാന്ദിപുരയിലാണ് ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ഇതിന് പിന്നാലെയാണ് ഈ വൈറസിന് ചാന്ദിപുരയെന്ന് പേരുവന്നത്. റാബിസിന് കാരണമാകുന്ന ലിസാവൈറസ് പോലുള്ള വൈറസുകളുടെ കുടുംബമായ റാബ്‌ഡോവിറിഡേ കുടുംബത്തിലാണ് ഈ വൈറസും ഉൾപ്പെടുന്നത്. ഡെങ്കിപ്പനിയുടെ വാഹകനായ ഈഡിസ് ഈജിപ്റ്റി പോലുള്ള ചില കൊതുകുകളും, ഫ്ളെബോടോമിൻ സാൻഡ്‌ഫ്ലൈസ്, ഫ്ളെബോടോമസ് പപ്പതാസി തുടങ്ങിയ നിരവധി ഇനം സാൻഡ്‌ഫ്ലൈഡുകളും ചന്ദിപുര വൈറസിന്റെ വാഹകരാണ്.
പ്രാണികളുടെ ഉമിനീർ ഗ്രന്ഥികളിലാണ് വൈറസ് വസിക്കുന്നത്. മൃഗങ്ങളെയും മനുഷ്യരെയും പ്രാണി കടിക്കുന്നതോടെ വൈറസ് മനുഷ്യനിലെത്തുന്നു. 15 വയസിൽ താഴെയുള്ള കുട്ടികളെയാണ് വൈറസ് അധികവും ബാധിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഏഷ്യയിലെയും ആഫ്രിക്കയിലെയും പല രാജ്യങ്ങളിലും വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2003-04 കാലത്ത് മധ്യ ഇന്ത്യയിൽ ചന്ദിപുര വൈറസ് 322 കുട്ടികളുടെ ജീവനെടുത്തിരുന്നു.
കടുത്ത പനി, മലബന്ധം, വയറിളക്കം, ഛർദ്ദി, ഹൃദയാഘാതം, ബോധക്ഷയം എന്നീ ലക്ഷണങ്ങളാണ് ആദ്യഘട്ടത്തിൽ പ്രകടമാകുക. ചിലരിൽ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ, അകാരണമായ മുറിവുകൾ, വിളർച്ച എന്നിവയും കണ്ടുവരുന്നു. രോഗം മൂർച്ഛിക്കുന്നതോടെ കോമയിലേക്കും മരണത്തിലേക്കും വരെ നയിച്ചേക്കാം. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 24-48 മണിക്കൂറിനിടയിൽ രോഗം മൂർച്ഛിക്കും.
നിലവിൽ, ചികിത്സയ്‌ക്കായി ആൻ്റി റിട്രോവൈറൽ തെറാപ്പിയോ വാക്സിനോ ലഭ്യമല്ല. മരണം തടയുന്നതിനായി മസ്തിഷ്ക വീക്കം കൈകാര്യം ചെയ്യുക മാത്രമാണ് വഴി. രാവിലെ സാധാരണ പനി മാത്രമാണെങ്കിൽ വൈകുന്നേരത്തോടെ മിക്ക കുട്ടികളുടെയും വൃക്കകളെയും കരളിനെയും ബാധിക്കുന്നുവെന്നും അത്രമാത്രം വേഗത്തിലാണ് വൈറസ് വ്യാപിക്കുന്നതെന്നും ശിശുരോഗ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതിനാൽ തന്നെ പ്രതിരോധവും വെല്ലുവിളിയാണ്.















