ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരനായ ലഖ്ബീർ സിംഗ് ലാൻഡയുടെ പ്രധാന സഹായിയായ ബൽജിത് സിംഗിനെ എൻഐഎ അറസ്റ്റ് ചെയ്തു. മദ്ധ്യപ്രദേശിലെ ബദ് വാനി ജില്ലയിൽ നിന്നാണ് ബൽജിതിനെ പിടികൂടിയത്. ആക്രമണങ്ങൾ നടത്താൻ ഭീകരർക്ക് ആയുധങ്ങൾ വിതരണം ചെയ്ത കേസിലാണ് ഇയാളെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തത്.
പഞ്ചാബിലുള്ള ലാൻഡയുടെ കൂട്ടാളികൾക്ക് ഇയാൾ ആയുധങ്ങൾ കൈമാറിയതായും ഭീകരാക്രമണങ്ങൾക്ക് ഗൂഢാലോചന നടത്തിയതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ലാൻഡയുടെയും ഖാലിസ്ഥാൻ ഭീകരൻ സത്നാം സിംഗ് സത്തയുടെയും സഹായിയായ മറ്റൊരാളെ എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂലൈ 10-ന് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് എൻഐഎ ഭീകരരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭീകരാക്രമണത്തിന് ഇവർ ഗൂഢാലോചന നടത്തിയതായും ഇതിനായി ആയുധങ്ങൾ വിതരണം ചെയ്തതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.