പ്രണയ ബന്ധത്തിലും വിവാഹ ബന്ധത്തിലും അമിതമായി പോസസീവ് ആകുന്ന ആളുകൾ നമ്മുക്ക് ചുറ്റം തന്നെയുണ്ട്. പങ്കാളികൾ മറ്റാരുമായും അടുത്ത് പെരുമാറുന്നത് ഇവർക്ക് സഹിക്കാനാവില്ല. അടുത്ത കാലത്ത് നടക്കുന്ന പല ക്രൂരകൃത്യങ്ങളുടേയും കാരണം പരിശോധിച്ചാൽ എത്തി നിൽക്കുന്നതും ഇതിലേക്കാണ്. ‘ലോകത്തിലെ ഏറ്റവും അസൂയയുള്ള സ്ത്രീ’ എന്ന് വിളിക്കപ്പെടുന്ന ബ്രിട്ടനിൽ നിന്നുള്ള ഡെബി വുഡാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
ഡെബി വുഡിന് ഭർത്താവ് ആരോടെങ്കിലും മിണ്ടുന്നതോ ഡേറ്റിംഗ് നടത്തുന്നതോ സഹിക്കാവുന്നതിലും അപ്പുറമാണ്. അതിനാൽ അവർ ഭർത്താവിന് മേൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഐടിവിയുടെ ദിസ് മോർണിംഗ് ബാക്ക് എന്ന പരിപാടിയിലാണ് ഇരുവരും ഇക്കാര്യം വെളിപ്പെടുത്തിയത്. ഭർത്താവ് സ്റ്റീവ് എവിടേക്കാണ് പോകുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും ആരെ കാണുന്നുണ്ടെന്നും എന്തൊക്കെ സംസാരിക്കുന്നതെന്നും ഡെബിക്ക് അറിയാൻ സാധിക്കും. ഇതിനായി വീട്ടിൽ നുണപരിശോധന യന്ത്രം ഘടിപ്പിച്ചിട്ടുണ്ട്. ജോലി കഴിഞ്ഞ് വൂട്ടിൽ എത്തുമ്പോഴെല്ലാം സ്റ്റീവ് നുണപരിശോധനയ്‌ക്ക് വിധേയനാകും.
വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ മറ്റൊരു സ്ത്രീയുമായി സ്റ്റീവ് ഡേറ്റിംഗ് നടത്തുന്നതായി ഡെബി അറിഞ്ഞു. ഇതോടെ ദമ്പതികൾ തമ്മിൽ വഴക്കായി. തന്റെ ബന്ധം സംരക്ഷിക്കാൻ താൻ ഏതറ്റം വരെയും പോകുമെന്ന് ഡെബി പറഞ്ഞു. സ്റ്റീവിന്റെ ഫോൺ രേഖകളും ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളും പരിശോധിക്കുന്നതുവരെ എത്തി കാര്യങ്ങൾ. ഒടുവിൽ സ്റ്റീവ് തന്നെയാണ് നുണപരിശോധന യന്ത്രത്തിന്റെ കാര്യം മുന്നോട്ട് വെച്ചത്.
ടിവിയിൽ പോലും മറ്റ് സ്ത്രീകളെ സ്റ്റീവ് നോക്കുന്നത് ഡെബിക്ക് സഹിക്കില്ല. ഒരു രാത്രി, ടെലിവിഷനിൽ ഷേവിംഗ് റേസറിന്റെ പരസ്യത്തിലെ മോഡലിനെ അധികം ശ്രദ്ധിച്ചത് ഡെബിക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ രാത്രി ടിവി കാണാൻ പാടില്ലെന്ന നിബന്ധനയും ഭാര്യ മുന്നോട്ട് വെച്ചു.
ഇത്രയധികം വിലക്കുകൾക്കിടയിലും താൻ സന്തോഷവാനാണെന്ന് സ്റ്റീവ് ടിവി ഷോയിൽ പറയുന്നു. മുമ്പൊരു ബന്ധത്തിൽ ഡെബി വഞ്ചിക്കപ്പെട്ടിരുന്നു, അതിനാൽ അവൾ തന്നെ കുറിച്ച് പോസസീവ് ആണെന്നും സ്റ്റീവ് പറയുന്നു.















