കേരളത്തിൽ നിന്ന് 50 ടിപ്പറും 25 ജെസിബിയും അതിർത്തി കടത്തി കർണാടകയിൽ എത്തിച്ചാൽ അർജുന്റെ ലോറി കണ്ടെത്താവുന്നതേയുള്ളൂവെന്ന് നിർമാതാവ് റെയ്സൺ കല്ലടയിൽ തോമസ്. സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണത്തിലായിരുന്നു റെയ്സൺ അഭിപ്രായം പങ്കുവച്ചത്. അർജുനായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ ആദ്യ ഘട്ടത്തിൽ നടത്തിയ മെല്ലെപ്പോക്കിനെതിരെ വ്യാപക വിമർശനമാണ് ഇപ്പോഴും ഉയരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു റെയ്സന്റെയും പ്രതികരണം.
ആദ്യഘട്ടത്തിൽ അർജുന്റെ ലോറി കണ്ടെത്താൻ രണ്ട് ജെസിബികൾ മാത്രമായിരുന്നു മണ്ണ് മാറ്റാൻ ഉണ്ടായിരുന്നത്. നാലാം ദിവസം കേരളത്തിലെ മാദ്ധ്യമങ്ങൾ വിഷയം ഉയർത്തി കാണിച്ചതിന് പിന്നാലെയാണ് കൂടുതൽ ജെസിബികൾ സ്ഥലത്തെത്തിച്ച് മണ്ണ് നീക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയത്. കർണാടക സർക്കാർ രക്ഷാപ്രവർത്തനത്തിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോൾ സൈന്യം രംഗത്തിറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രതിഷേധവുമായി ലോറി അസോസിയേഷനും രംഗത്ത് വന്നിരുന്നു. ലോറി കണ്ടെത്താൻ ഇനിയും വൈകിയാൽ സംസ്ഥാനത്തെ എല്ലാ ലോറികളും സംഭവസ്ഥലത്തെത്തിക്കുമെന്നും പ്രതിഷേധം നടത്തുമെന്നും ബെംഗളൂരുവിലെ ലോറി അസോസിയേഷൻ പ്രസിഡൻ്റ് ഷൺമുഖപ്പ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ രക്ഷാപ്രവർത്തിൽ പങ്കെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ഷൺമുഖപ്പയുടെ നേതൃത്വത്തിൽ ലോറി ഡ്രൈവർമാരും ഇന്ന് സ്ഥലത്തെത്തിയിട്ടുണ്ട്. കേരളത്തിൽ മീനുമായി എത്തുന്ന ഡ്രൈവർമാർ ഉൾപ്പടെ 100-ലേറെ പേരാണ് ഇവിടെ എത്തിചേർന്നിട്ടുള്ളത്. എന്നാൽ തിരച്ചിൽ സൈന്യത്തിന്റെ നേതൃത്വത്തിലായതിനാൽ അപകടസ്ഥലത്തേക്ക് ഇവർക്ക് കടക്കാനാകില്ല.















