പുത്തൻ കുതിപ്പിനൊരുങ്ങി ബിഎസ്എൻഎൽ. ഈ വർഷാവസാനത്തോടെ രാജ്യമൊട്ടാകെ 4 ജി സേവനവും 2025 ആരംഭത്തോടെ 5ജി സേവനങ്ങളും ആരംഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പുതുതായി 12,000 4ജി ടവറുകളാണ് വരും മാസങ്ങളിൽ സ്ഥാപിക്കുക.
ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ നാല് മെട്രോ നഗരങ്ങളിൽ നിലവിൽ 4ജി സേവനം ലഭ്യമാണ്. അഹമ്മദാബാദ്, ഹൈദരാബാദ്, ജയ്പൂർ, ലക്നൗ, റായ്പൂർ, ചണ്ഡീഗഢ് എന്നിവയുൾപ്പെടെ മിക്കയിടങ്ങളിൽ ടവർ നിർമാണം പുരോഗമിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. മലയോര സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, സിക്കിം തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം ബേസ് ട്രാൻസ്‌സിവർ സ്റ്റേഷനുകളും (ബിടിഎസ്) സെപ്റ്റംബർ അവസാനത്തോടെ 4ജി ശേഷിയുള്ളവയാക്കി മാറ്റാനും ശ്രമം നടക്കുകയാണ്.
മാർച്ചിലെ കണക്കുകൾ പ്രകാരം 67,340 ടവറുകളാണ് ബിഎസ്എൻഎല്ലിന് രാജ്യമൊട്ടാകെയുള്ളത്. 12,502 ടവറുകൾ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർക്ക് പാട്ടത്തിന് നൽകിയിട്ടുണ്ട്. വരുന്ന വർഷാരംഭത്തോടെ രാജ്യത്ത് 5ജി സേവനങ്ങൾ സജ്ജമാക്കുമെന്നും അധികൃതർ അറിയിച്ചു.















