പിറന്നാൾ ആഘോഷിച്ച് നടൻ ദുൽഖർ സൽമാൻ. താരത്തിന്റെ ജന്മദിനത്തിനോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജയും സദ്യയും നടത്തി നിർമ്മാതാവ് പ്രജീവ് സത്യവ്രതൻ. വെന്നിക്കോട് വലയൻകുഴി ശ്രീ ദേവിക്ഷേത്രത്തിലായിരുന്നു വഴിപാടും അന്നദാനവും നടത്തിയത്. ദുൽഖറിന്റെ ആയുരാരോഗ്യത്തിനായി 501 പേർക്കുള്ള സദ്യയാണ് നൽകിയത്.
ഫൈനൽസ്, രണ്ട് എന്നീ ചിത്രങ്ങളുടെ നിർമ്മാതാവാണ് പ്രജീവ് സത്യവ്രതൻ. ഇദ്ദേഹത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ്. പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ തന്നെയാണ് സിനിമ നിർമ്മിക്കുന്നത്. ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദുൽഖർ അഭിനയിച്ച കുറുപ്പ് എന്ന സിനിമയുമായി ചില ബന്ധങ്ങളുണ്ടെന്നാണ് സൂചനകൾ.
കൂടാതെ, ചിത്രത്തിൽ ദുൽഖർ സൽമാനെക്കുറിച്ച് ഒരു ഗാനവും ഒരുക്കിയിട്ടുണ്ട്. ബി കെ ഹരിനാരായണൻ, മെജോ ജോസഫ് ടീമിന്റേതാണ് വ്യത്യസ്തമായ ഈ ഗാനം. പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാഗ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ പോസ്റ്റ് പൊഡക്ഷൻ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഷാജി കൈലാസിന്റെ മകൻ റുബിൻ ഷാജികൈലാസ് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.















