തെഹ്റാൻ : ഇറാന്റെ പുതിയ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയന്റെ ചൊവ്വാഴ്ച ടെഹ്‌റാനിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ഈ അവസരത്തിൽ പ്രസിഡൻ്റ് പെസെഷ്കിയാന് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നുള്ള ആശംസകൾ ഗഡ്കരി അറിയിച്ചതായി ഭാരതീയ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മന്ത്രി നിതിൻ ഗഡ്കരിയുടെ ഇറാനിലെ സംഭാഷണങ്ങൾക്കിടെ ചബഹാർ തുറമുഖത്തിന്റെ വികസനത്തിലെ സഹകരണം ഉൾപ്പെടെയുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അവസ്ഥ ഇരുപക്ഷവും ക്രിയാത്മകമായി വിലയിരുത്തി. ഉഭയകക്ഷി, പ്രാദേശിക വ്യാപാരം ശക്തിപ്പെടുത്തുന്നതിന് ചബഹാർ തുറമുഖം സംഭാവന നൽകുമെന്ന് ഇരുപക്ഷവും അടിവരയിട്ടതായി ഭാരതീയ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അഫ്ഗാനിസ്ഥാനുമായും മധ്യേഷ്യയുമായും ബന്ധിപ്പിക്കാൻ ചാബഹാർ തുറമുഖം ഇന്ത്യയെ സഹായിക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഇറാനിയൻ ഉദ്യോഗസ്ഥരുമായി സംവദിച്ചപ്പോൾ അറിയിച്ചു. നിരവധി മധ്യേഷ്യൻ നേതാക്കളെ കൂടാതെ, സത്യപ്രതിജ്ഞാ ചടങ്ങിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ പ്രധാനമന്ത്രിയുടെ രാഷ്‌ട്രീയ ഡെപ്യൂട്ടി അബ്ദുൾ കബീറും പങ്കെടുത്തു.

മുൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി അമീർ അബ്ദുള്ളാഹിയാനും സഞ്ചരിച്ച ഹെലികോപ്റ്റർ മെയ് 20 ന് രാജ്യത്തിന്റെ വിദൂര പടിഞ്ഞാറൻ ഭാഗത്ത് തകർന്നതിനെത്തുടർന്നാണ് ഇറാനിൽ പുതിയ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.ജൂൺ 28-ജൂലൈ 5 തീയതികളിൽ നടന്ന തിരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക സ്ഥാനാർത്ഥി സയീദ് ജലീലിയെ പരാജയപ്പെടുത്തി പ്രസിഡൻ്റ് പെസെഷ്കിയാൻ തിരഞ്ഞെടുക്കപ്പെട്ടു.
സത്യപ്രതിജ്ഞയ്‌ക്ക് തൊട്ടുമുൻപായി പ്രസിഡൻ്റ് പെസെഷ്‌കിയൻ ടെഹ്‌റാനിൽ ഹമാസ് മേധാവി ഹനിയേയുമായി കൂടിക്കാഴ്ച നടത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു .















