നടനും ലഫ്. കേണലുമായ മോഹൻലാൽ ശനിയാഴ്ച വയനാട് സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. കണ്ണൂരിലെ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമാണ് മോഹൻലാൽ. വയനാട്ടിലെ ദുരിതമേഖലയിൽ ഇവിടെ നിന്നുളള സംഘങ്ങളും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ആർമി ക്യാമ്പിൽ എത്തിയതിന് ശേഷമാകും മോഹൻലാൽ ദുരന്ത ഭൂമിയിൽ എത്തുകയെന്നാണ് സിനിമാ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.
നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയും താരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വേദനയോടെ കഴിയുന്നവരെ നേരിട്ട് സന്ദർശിക്കാൻ താരമെത്തുന്നത്.
മേഖലയിൽ അക്ഷീണം പ്രവർത്തിക്കുന്ന ഓരോ വ്യക്തികൾക്കും സല്യൂട്ട് നൽകുന്നുവെന്നും അദ്ദേഹം കുറിച്ചു. മുമ്പും വെല്ലുവിളികളെ അഭിമുഖീകരിച്ച് ശക്തരാകാൻ സാധിച്ചിട്ടുണ്ട്. ദുഷ്‌കരമായ ഈ സമയത്ത് ഒറ്റക്കെട്ടായി പ്രവർത്തിച്ച് ഒരുമയുടെ കരുത്തുകാട്ടണമെന്നും അദ്ദേഹം സമൂഹമാദ്ധ്യമങ്ങൾ വഴി അഭ്യർത്ഥിച്ചിരുന്നു.















