വയനാട് : ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാടിന് കൈത്താങ്ങാകാൻ മോഹൻലാലിനൊപ്പം നടി സംയുക്ത. വിശ്വശാന്തി ഫൗണ്ടേഷനിലേയ്‌ക്കാണ് മൂന്ന് ലക്ഷം രൂപ നടി സംഭാവനയായി നൽകിയത്.
വയനാട്ടിലെ ജനങ്ങളുടെ ജീവിതം തകർത്ത ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നതിൽ തനിക്ക് വളരെയധികം വേദനയുണ്ടെന്ന് സംയുക്ത പറഞ്ഞു. ആദ്യപടിയായി വയനാട്ടിൽ വിശ്വശാന്തി ഫൗണ്ടേഷൻ ചെയ്യുന്ന മഹത്തായ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നുവെന്നും സംയുക്ത കുറിച്ചു. ഈ ഉദ്യമത്തിൽ പങ്കുചേരാൻ എല്ലാവരോടും അഭ്യർഥിക്കുകയും ചെയ്തു.
വയനാട്ടിലെ ദുരിതാശ്വാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ വഴി 3 കോടി രൂപ നൽകുമെന്ന് മോഹൻലാൽ പ്രഖ്യാപിച്ചിരുന്നു. നേരത്തെ അദ്ദേഹം 25 ലക്ഷം രൂപ വയനാടിനായി നൽകിയിരുന്നു.















