തിരുവനന്തപുരം: മാവേലിയും പൂക്കളുമില്ലാതെ ഓണം ബമ്പർ അടച്ചടിച്ചുവെന്ന പരാതി ഉയരുമ്പോഴും തകൃതിയായി ടിക്കറ്റ് വിൽപന പുരോഗമിക്കുകയാണ്. ആദ്യം പുറത്തിറക്കിയ 10 ലക്ഷം ടിക്കറ്റും വിറ്റു തീർന്നു. ചൊവ്വാഴ്ച 10 ലക്ഷം ടിക്കറ്റ് കൂടി വിപണിയിലെത്തിക്കും.
ഓണം ബമ്പറിന്റെ അച്ചടിയെയും ഡിസൈനെയും ചൊല്ലിയാണ് വിവാദം കൊഴുക്കുന്നത്. മുൻവർഷങ്ങളിലെ ഓണം ബമ്പറിൽ മാവേലിയുടെയും പള്ളിയോടത്തിന്റെയും ചിത്രം ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഇത്തവണ ഓണ ബമ്പറാണെന്ന് തോന്നിക്കുന്ന ചിത്രങ്ങളോ ഡിസൈനുകളോ ഒന്നും തന്നെയില്ലെന്നതാണ് ഏജന്റുമാർ ഉൾപ്പടെ പരാതിപ്പെടുന്നത്. ആകർഷകമല്ലാത്ത ഡിസൈൻ ആണെന്നും അതിനാൽ വിൽപന കുറയുമെന്നും പറയുന്നതിനിടെയാണ് ഞെട്ടിച്ചു കൊണ്ട് വിൽപന പുരോഗമിക്കുന്നത്.
ഇക്കുറിയും ഒന്നാംസമ്മാനം 25 കോടി രൂപയാണ്. ഒരു കോടി വീതം 20 പേർക്ക് രണ്ടാംസമ്മാനം. മൂന്നാംസമ്മാനമായ 50 ലക്ഷം 20 പേർക്കുണ്ട്. ഓരോ പരമ്പരയിലും 10 പേർക്കുവീതം അഞ്ചുലക്ഷവും രണ്ടുലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി ഒൻപതുപേർക്ക് അഞ്ചുലക്ഷം വീതം ലഭിക്കും. ചെറുസമ്മാനങ്ങളുമുണ്ട്.















