ഹൈദരാബാദ്: സമ്പത്തിന്റെ കാര്യത്തിൽ ബോളിവുഡിനെ മറികടക്കാൻ ടോളിവുഡ് ഒരുങ്ങുന്നു. 2026-ലെ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ താരങ്ങളുടെ പട്ടികയിൽ നാല് തെലുങ്ക് താരങ്ങൾ ഇടംപിടിച്ചു. നാഗാർജുന അക്കിനേനി, ചിരഞ്ജീവി, വെങ്കിടേഷ് ദഗ്ഗുബാട്ടി, രാം ചരൺ എന്നിവരാണ് പട്ടികയിൽ ഇടം നേടിയത്.
പട്ടികയിൽ ഏകദേശം 10,000 കോടി രൂപയുടെ ആസ്തിയുമായി ഷാരൂഖ് ഖാൻ ഒന്നാം സ്ഥാനത്താണ്. തെലുങ്ക് താരങ്ങളിൽ നാഗാർജുനയാണ് മുന്നിൽ. ഏകദേശം 5,000 കോടി രൂപയാണ് താരത്തിന്റെ ആസ്തി. അഭിനയത്തിന് പുറമെ ബിസിനസ് സംരംഭങ്ങൾ, നിർമാണം, ബ്രാൻഡ് എൻഡോഴ്സ്മെന്റുകൾ, നിക്ഷേപങ്ങൾ തുടങ്ങിയവയും താരങ്ങളുടെ സമ്പത്തിക സ്രോതസ്സുകളാണ്.
‘RRR’ പോലുള്ള പാൻ-ഇന്ത്യ ചിത്രങ്ങളുടെ വിജയവും ആഗോള സ്വീകാര്യതയും താരങ്ങളുടെ ബ്രാൻഡ് മൂല്യം ഉയർത്തിയ ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. തെലുങ്ക് സിനിമയിലെ താരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്കും വലിയ ആരാധകവൃന്ദം സ്വന്തമാക്കിയതോടെ പരസ്യ വിപണിയിലും ഇവരുടെ സാന്നിധ്യം വർധിച്ചു.
മുൻകാലങ്ങളിൽ ഇത്തരം സമ്പന്ന താരങ്ങളുടെ പട്ടികകളിൽ ബോളിവുഡ് താരങ്ങൾക്കായിരുന്നു വലിയ പ്രാധാന്യം. എന്നാൽ പാൻ-ഇന്ത്യ സിനിമകളുടെ വളർച്ചയോടെ ദക്ഷിണേന്ത്യൻ താരങ്ങളും ദേശീയ തലത്തിൽ സാമ്പത്തിക ശക്തിയായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.















