ലണ്ടൻ: അമേരിക്കയിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന വിവാദ ഇസ്ലാമത പ്രഭാഷകൻ അബു ഹംസയുടെ ലണ്ടനിലെ കുടുംബവീട് 70,000 പൗണ്ട് ചെലവിൽ നവീകരിക്കാനുള്ള നീക്കം വിവാദത്തിൽ. പടിഞ്ഞാറൻ ലണ്ടനിലെ ഷെപ്പേർഡ്സ് ബുഷിലുള്ള അഞ്ച് കിടപ്പുമുറികളുള്ള കൗൺസിൽ വീടാണ് സർക്കാർ ചെലവിൽ പുതുക്കുന്നത്. വീടിന്റെ നിലവിലെ മൂല്യം ഏകദേശം 17 ലക്ഷം പൗണ്ട് ആണെന്നാണ് റിപ്പോർട്ടുകൾ. ലണ്ടൻ നഗരസഭയുടെ ഉടമസ്ഥതയിലുള്ളവെയാണ് കൗൺസിൽ വീടുകൾ എന്ന് വിളിക്കുന്നത്.
അബു ഹംസയുടെ ഭാര്യ നജാത്ത് ചാഫെയാണ് നിലവിൽ ഈ വീട്ടിൽ താമസിക്കുന്നത്. 1995 മുതൽ അവർ ഇവിടെയാണ് താമസിക്കുന്നത്. ദീർഘകാല വാടകക്കരാർ പ്രകാരം വീട്ടിൽ തുടരാൻ അവകാശമുള്ളതിനാൽ ഹാമർസ്മിത്ത് ആൻഡ് ഫുൾഹാം കൗൺസിലിനാണ് വിടിന്റെ പരിപാലന ചുമതല.
വീടിന്റെ നവീകരണത്തിനുള്ള പ്ലാനിംഗ് അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഏകദേശം 1,000 കൗൺസിൽ വീടുകൾ ഉൾപ്പെടുന്ന വിപുലമായ നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ വീടും ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് കൗൺസിലിന്റെ വിശദീകരണം.
എന്നാൽ പദ്ധതിക്കെതിരെ കൗൺസിലിലെ കൺസർവേറ്റീവ് പ്രതിപക്ഷ നേതാവ് ജോസ് അഫോൻസോ രംഗത്തെത്തി. പൊതുപണം പാഴാക്കുന്നതാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വ്യക്തിയുടെ കുടുംബം താമസിക്കുന്ന അഞ്ച് കിടപ്പുമുറികളുള്ള വീട്ടിലേക്ക് ഇത്രയും വലിയ തുക ചെലവഴിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു.
2006ൽ അബു ഹംസ അറസ്റ്റിലായത്.1998ലെ യെമൻ ബന്ദിയാക്കൽ കേസിലും ഒറിഗണിൽ തീവ്രവാദ പരിശീലന ക്യാമ്പ് സ്ഥാപിക്കാനുള്ള ഗൂഢാലോചനയിലും കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2015ൽ അമേരിക്കയിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. നിലവിൽ കൊളറാഡോയിലെ അതിവ സുരക്ഷാ ജയിലായിലാണ് ഇയാളുള്ളത്.















